പൗരത്വ നിയമ ഭേദഗതി; യുപിയില്‍ മരിച്ചവരുടെ എണ്ണം 21 ആയി

ലഖ്നൗ: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം നടന്ന ഉത്തര്‍പ്രദേശില്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. പോലീസിന്റെ വെടിയേറ്റ് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന മുസാഫര്‍നഗര്‍ സ്വദേശി ഹാരൂണാ(30)ണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് ഹാരൂണ്‍ മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ നടന്ന വെടിവെപ്പിലാണ് ഹാരൂണിന് ഗുരുതരമായി പരിക്കേറ്റത്.

വ്യവസായി ആയിരുന്ന ഹാരൂണ്‍, വ്യവസായശാലയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് വെടിയേറ്റതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഹാരൂണ്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ മുക്കിം എന്നയാള്‍ ഇന്നലെ മരിച്ചിരുന്നു.

അതേസമയം രാംപൂരില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് 28 പേര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. പതിനാല് ലക്ഷം രൂപ വീതം ഈടാക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ബോധ്യപ്പെടുത്താനാണ് നോട്ടീസില്‍ പറയുന്നത്.എംബ്രോയിഡറി തൊഴിലാളി ഉള്‍പ്പടെയുള്ളവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.

Top