ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു. ബുധനാഴ്ച ആരംഭിച്ച ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം ഇതോടെ അഞ്ചായി. ഇന്ന് രാവിലെ വനമേഖലയില്‍ നിന്ന് സ്‌ഫോടനങ്ങളും കനത്ത വെടിയൊച്ചയും കേട്ടിരുന്നു. വനമേഖലയില്‍ നിലയുറപ്പിച്ച ഭീകരരുടെ സ്ഥാനം കണ്ടെത്താന്‍ ഡ്രോണുകളുപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്.
ഏറ്റുമുട്ടലിനിടെ കാണാതായ സൈനികനെയാണ് ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലവില്‍ ഡ്രോണ്‍ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി കരുതുന്ന ഭൂപ്രദേശത്ത് സൈന്യം മോര്‍ട്ടാര്‍ ഷെല്ലുകള്‍ പ്രയോഗിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകള്‍ക്ക് പുറമേ ക്വാഡ്കോപ്റ്ററുകളും ഉപയോഗിക്കുന്നുണ്ട്.
ബുധനാഴ്ച രാവിലെ കശ്മീരിലെ കോക്കര്‍നാഗിലെ ഗഡോളില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കരസേനയുടെ രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റ് 19ലെ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ മന്‍പ്രീത് സിങ്, മേജര്‍ ആശിഷ് ധോഞ്ചക്, ജമ്മു കശ്മീര്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയില്‍ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്നലെയും ഇന്നും കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കേണല്‍ മന്‍പ്രീത് സിങ്ങിന്റെയും മേജര്‍ ആശിഷ് ധോന്‍ചാക്കിന്റെയും മൃതശരീരം ഇന്ന് രാവിലെ പാനിപ്പത്തിലെ അവരുടെ വസതികളില്‍ എത്തിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ ഭട്ടിന്റെ സംസ്‌കാരം ബുധനാഴ്ച ബുദ്ഗാമിലെ വസതിയില്‍ നടന്നു. വിമാനമാര്‍ഗമാണ് ഇന്ത്യന്‍ സൈന്യം ഇന്നലെ മൃതദേഹം ശ്രീനഗറിലെത്തിച്ചത്.
ലഷ്‌കറിലുള്ള ദ റെസിസ്റ്റന്‍സ് ഫ്രണ്ട് സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സുരക്ഷാസേന സംശയിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജമ്മു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച പാകിസ്താന്‍ വിരുദ്ധ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.