കോഴിക്കോട് 300 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ഒരു പ്രതി കൂടി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് 300 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ഒരു പ്രതി കൂടി പിടിയില്‍. ബെംഗളൂരുവില്‍ നിന്ന് ലഹരി മരുന്നുകള്‍ കൊണ്ട് വന്ന് ചേവായൂരിലും , പരിസരപ്രദേശങ്ങളിലും വില്‍പന നടത്തുന്ന സംഘവുമായി ബന്ധമുള്ള യുവാവിനെയാണ് പൊലീസ് പൊക്കിയത്. മലയമ്മ സ്വദേശി കോരന്‍ ചാലില്‍ ഹൗസില്‍ ശിഹാബുദീന്‍. കെ.സി ആണ് അറസ്റ്റിലായത്.

പിടിക്കപെടാതിരിക്കാന്‍ വാട്ട്‌സ്ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാള്‍ ഇടപാടുകാരുമായി ബന്ധപ്പെട്ടിരുന്നത്. ഗൂഗിള്‍ ലൊക്കേഷനിലൂടെയും വാട്ട്‌സ്ആപ്പ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഇയാളെ കുറിച്ച് പിടിയിലായ ആര്‍ക്കും വ്യക്തമായ അറിവുണ്ടാകാതിരുന്നതും പൊലീസിനെ ഏറെ കുടുക്കി. ഡാന്‍സാഫ് സ്‌ക്വാഡിന്റെ രണ്ടര മാസത്തെ നീരീക്ഷണത്തിനൊടുവിലാണ് ശിഹാബുദീന്‍ വലയിലായത്. പൊലീസ് പിടികൂടാതിരിക്കാന്‍ വീട്ടില്‍ വരാതെ പലസ്ഥലങ്ങളായി മാറി മാറി താമസിക്കുകയായിരുന്നു.

ജൂലൈ 15 നാണ് ഇയാളുമായി ബന്ധമുള്ള കോട്ടപ്പുറം സ്വദേശി ഷിഹാബുദീന്‍ 300 ഗ്രാം എം.ഡി എം.എ യുമായി കോഴിക്കോട് പിടിയിലായത്. തുടര്‍ന്ന് ബെംഗളൂരുവിലെ മയക്കുമരുന്ന് വില്‍പനക്കാരനായ അങ്ങാടിപുറം സ്വദേശി മുഹമദ് ഹുസൈനെയും , ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മായനാട് സ്വദേശി രഞ്ജിത്ത് എന്നിവരെയും പിടികൂടിയിരുന്നു. ഇപ്പോള്‍ പിടിയിലായ ശിഹാബുദീനാണ് ഇവരുടെ കാരിയറായി പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവില്‍ നിന്നും ബൈക്കിലാണ് ഇയാള്‍ മയക്കുമരുന്ന് കോഴിക്കോട്ടേക്ക് കൊണ്ട് വന്നിരുന്നത്.

 

 

Top