കോഴിക്കോട്: കൂടത്തായി റോയ് തോമസ് വധക്കേസില്‍ വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. മൈക്കാവ് ആലമലയില്‍ സുരേന്ദ്രന്റെ ഭാര്യ ജിപ്‌സിയാണ് പ്രതികള്‍ക്ക് അനുകൂലമായി കോടതിയില്‍ മൊഴിമാറ്റിയത്. കൂടത്തായി ബസാറില്‍ നൈസ് ലേഡീസ് ഗാര്‍മെന്റ്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തുന്ന ജിപ്‌സിയുടെ ഭര്‍ത്താവ് സുരേന്ദ്രന്‍ താമരശ്ശേരിയില്‍ മൂന്നാം പ്രതി പ്രജികുമാര്‍ നടത്തുന്ന ദൃശ്യകല ജ്വല്ലറി വര്‍ക്‌സില്‍ ജോലിക്കാരനായിരുന്നു.
ദൃശ്യകലയിലേക്ക് തന്റെ ഭര്‍ത്താവ് സുരേന്ദ്രന്‍ സയനൈഡ് എത്തിച്ചിരുന്നതായും ഒരു ദിവസം കാലത്ത് തങ്ങള്‍ ഒരുമിച്ച് വീട്ടില്‍നിന്നും ജോലിക്ക് പോകുന്ന വഴി കടയില്‍ സയനൈഡ് തീര്‍ന്നുവെന്നും സേട്ടുവിന്റെ അടുത്തുനിന്നും സയനൈഡ് വാങ്ങിക്കണമെന്നും ഭര്‍ത്താവ് സുരേന്ദ്രന്‍ തന്നോട് പറഞ്ഞിരുന്നതായി ജിപ്‌സി പൊലീസിന് മൊഴി നല്‍കിയിരുന്നു.
കേസിലെ രണ്ടാംപ്രതി എം.എസ്. മാത്യു പ്രജികുമാറിന്റെ കടയില്‍ ഇരിക്കുന്നത് താന്‍ കണ്ടിരുന്നതായും ജിപ്‌സി പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ആ മൊഴിയാണ് ജിപ്‌സി കോടതിയില്‍ മാറ്റിയത്. തുടര്‍ന്ന് ജിപ്‌സിയെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു.
തുടര്‍ന്ന്, പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഇ. സുഭാഷ് സാക്ഷിയെ എതിര്‍വിസ്താരം ചെയ്തു. എതിര്‍വിസ്താരത്തില്‍, തന്റെ വിവാഹാലോചന കൊണ്ടുവന്നത് മൂന്നാം പ്രതി പ്രജികുമാര്‍ ആയിരുന്നുവെന്നും മൂന്നാം പ്രതിയും തന്റെ ഭര്‍ത്താവും സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും ജിപ്‌സി സമ്മതിച്ചു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന്‍, അഡീഷനല്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഇ. സുഭാഷ് എന്നിവര്‍ ഹാജരായി. പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് ഒന്നാം പ്രതിക്ക് വേണ്ടിയുള്ള എതിര്‍വിസ്താരം കോടതി മാറ്റിവെച്ചു. സാക്ഷി വിസ്താരം ഇനി ചൊവ്വാഴ്ച തുടരും. കൂടത്തായി കൊലപാതക പരമ്പര കേസുകളിലെ മറ്റു കേസുകള്‍ ജനുവരി 29ലേക്ക് മാറ്റി.