സിപിഎം സ്ഥാപക നേതാക്കളിലൊരാളായ എന്‍. ശങ്കരയ്യ അന്തരിച്ചു; ഇന്ന് രാവിലെയായിരുന്നു അന്ത്യം

ചെന്നൈ: സിപിഎം സ്ഥാപക നേതാക്കളിലൊരാളായ എന്‍. ശങ്കരയ്യ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇന്നലെയാണ് പനി ബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായാധിക്യത്തെ തുടർന്ന് ഏതാനും വർഷമായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

1964 ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന് സിപിഎം പടുത്തുയര്‍ത്തിയ 32 സഖാക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ട് പേരില്‍ ഒരാളാണ് എന്‍.ശങ്കരയ്യ. പതിനേഴാം വയസ്സില്‍ സിപിഐ അംഗമായി. 1962-ല്‍ ഇന്ത്യ ചൈന യുദ്ധസമയത്ത് ജയിലില്‍ അടയ്ക്കപ്പെട്ട കമ്മ്യൂണിസ്റ്റുകളില്‍ ഒരാള്‍ ശങ്കരയ്യയായിരുന്നു.

1965-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അടിച്ചമര്‍ത്താന്‍ ശ്രമം നടന്നപ്പോള്‍ 17 മാസം ജയിലില്‍ കിടന്നു. കയ്യൂര്‍ സഖാക്കളെ തൂക്കിലേറ്റുന്ന സമയത്ത് കണ്ണൂര്‍ ജയിലില്‍ തടവുകാരനായി ശങ്കരയ്യയും ഉണ്ടായിരുന്നു. 1967,1977,1980 തിരഞ്ഞെടുപ്പുകളില്‍ സിപിഎം അംഗമായി തമിഴ്‌നാട് നിയമസഭയിലെത്തി. തമിഴ്‌നാട് നിയമസഭയില്‍ ആദ്യമായി തമിഴ് സംസാരിച്ചത് തങ്ങളുടെ കാലത്താണെന്ന് ശങ്കരയ്യ പറയാറുണ്ട്. അന്ന് തമിഴ് സംസാരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല.

Top