ഇടുക്കി അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും; ശക്തമായ മഴയ്ക്ക് സാധ്യത

ഇടുക്കി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.മുന്നറിയിപ്പിനെ തുടര്‍ന്ന് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ട് ഇന്ന് രാവിലെ 11 മണിക്ക് തുറക്കും. ഒരു ഷട്ടറിലൂടെ സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളമൊഴുക്കി വിടാനാണ് തീരുമാനം.

ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും മലപ്പുറത്തും നാളെ റെഡ് അലര്‍ട്ടായിരിക്കും. അറബിക്കടലില്‍ ഇന്നലെ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റായി മാറിയേക്കും. ഇത് ഒമാന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഴ ശക്തമാകുന്നതിന് മുമ്പ് അണക്കെട്ട് തുറന്ന് ജലനിരപ്പ് നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. ഇന്നലെ നാല് മണിക്ക് ഷട്ടര്‍ തുറക്കാനായിരുന്നു കെഎസ്ഇബിയുടെ ആദ്യ തീരുമാനം. എന്നാല്‍ പകല്‍ മഴ മാറി നിന്നതോടെ തീരുമാനം മാറ്റുകയായിരന്നു. തിരുവനന്തപുരത്ത് ചേര്‍ന്ന കെഎസ്ഇബി യോഗത്തിലാണ് വീണ്ടും ഡാം തുറക്കാന്‍ തീരുമാനമായത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. മഴയുടെ പശ്ചാത്തലത്തില്‍ മാട്ടുപ്പെട്ടി, പൊന്‍മുടി, മലങ്കര അണക്കെട്ടുകളില്‍ നിന്നുള്ള ജലമൊഴുക്ക് കൂട്ടി. ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ക്കുള്ള നിരോധനം തുടരുകയാണ്.

Top