ഒറ്റതവണ ശിക്ഷായിളവില്‍ നിര്‍ണായക തീരുമാനം: മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം:ആദ്യമായി കേസില്‍ ഉള്‍പ്പെട്ട് പത്തു വര്‍ഷം വരെ ശിക്ഷ അനുവഭിവിക്കുന്നവര്‍ക്ക് ഒറ്റതവണ ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ശിക്ഷാ ഇളവ് ഇല്ലാതെ പകുതി തടവ് അനുഭവിച്ചവരെവര്‍ക്ക് ഇളവ് നല്‍കാനുള്ള മാര്‍ഗ നിര്‍ദ്ദേശം അംഗീകരിച്ചു.സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുനേരെയുള്ള അതിക്രമം , ലഹരി കേസുകള്‍ എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇളവ് ലഭിക്കില്ല. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ ഡോ. ബി സന്ധ്യയെ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി മെമ്പറായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബാംഗങ്ങള്‍ക്ക് കൂടി 5 ലക്ഷം ധന സഹായം നല്‍കാനും തീരുമാനിച്ചു.തേനീച്ച കട ന്നല്‍ ആക്രമണത്തില്‍ വനത്തിനകത്ത് മരിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം ധന സഹായം നല്‍കാനും വനത്തിന് പുറത്താണങ്കില്‍ രണ്ട് ലക്ഷം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

തേനീച്ച-കടന്നല്‍ എന്നിവയുടെ ആക്രമണം മൂലം വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപയും വനത്തിനുപുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കുമെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. 25.10.2022-ലെ ഉത്തരവ് ഭേദഗതി ചെയ്താണ് തീരുമാനം. ഭേദഗതിക്ക് 25.10.2022 മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കി.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് കേസുകളുടെ വിചാരണക്ക് കൊല്ലത്ത് പ്രത്യേക കോടതി

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് കേസുകളുടെ വിചാരണക്കായി കൊല്ലത്ത് പ്രത്യേക ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സ്ഥാപിക്കും. എല്‍ഡി ടൈപ്പിസ്റ്റ്, അറ്റന്‍ഡന്റ്, ക്ലര്‍ക്ക് എന്നീ തസ്തികകള്‍ വര്‍ക്കിങ്ങ് അറേഞ്ച്‌മെന്റ് മുഖേനയോ റീ ഡിപ്ലോയിമെന്റ് വഴിയോ നികത്തണമെന്നും സ്വീപ്പിങ്ങ് ജോലികള്‍ക്കായി ഒരു കാഷ്വല്‍ സ്വീപ്പറിനെ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് വഴി നിയമിക്കണമെന്നുമുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി 10 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.

തസ്തിക സൃഷ്ടിക്കും

തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ നാല് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളില്‍ തസ്തികകള്‍ സൃഷ്ടിക്കും. അസിസ്റ്റന്റ് – നാല്, സ്റ്റെനോ ടൈപ്പിസ്റ്റ് – നാല്, ഓഫീസ് അറ്റന്‍ഡന്റ് – നാല്, സെക്യൂരിറ്റി പേഴ്‌സണല്‍ – മൂന്ന്, കാഷ്വല്‍ സ്വീപ്പര്‍ – നാല് എന്നിങ്ങനെയാണ് തസ്തികകള്‍. വിനോദസഞ്ചാര വകുപ്പിലെ പദ്ധതികളുടെ നിര്‍വഹണത്തിനും മേല്‍നോട്ടത്തിനുമായി വിനോദസഞ്ചാര വകുപ്പില്‍ ഒരു എഞ്ചിനീയറിംഗ് വിഭാഗം സൃഷ്ടിക്കും. 10 തസ്തികകള്‍ 3 വര്‍ഷത്തേയ്ക്ക് താല്‍ക്കാലികമായി സൃഷ്ടിച്ച് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനങ്ങള്‍ നടത്തും. അസിസ്റ്റന്റ് എഞ്ചിനീയര്‍ – 2, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ – 7, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ -1 എന്നിങ്ങനെയാണ് തസ്തികകള്‍.

ഡോ. ബി സന്ധ്യ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പര്‍ സെക്രട്ടറി

കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പര്‍ സെക്രട്ടറിയായി റിട്ട. ഐപിഎസ് ഉദ്യോഗസ്ഥ ഡോ. ബി സന്ധ്യയെ നിയമിക്കാന്‍ തീരുമാനിച്ചു.

ഒറ്റതവണ ശിക്ഷ ഇളവ്; മാര്‍ഗനിര്‍ദേശങ്ങളുടെ കരട് അംഗീകരിച്ചു

ജീവിതത്തില്‍ ആദ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ച, പകുതി തടവ് ശിക്ഷ (ശിക്ഷായിളവ് ഉള്‍പ്പെടാതെ ) പൂര്‍ത്തിയാക്കിയ കുറ്റവാളികള്‍ക്ക് ശിക്ഷ ഇളവ് അനുവദിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചു.

കളമശ്ശേരി സ്‌ഫോടനം; അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം

കളമശ്ശേരി യഹോവ സാക്ഷികളുടെ പ്രതിനിധി യോഗത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ പിന്നീട് മരണപ്പെട്ട 3 പേരുടെ കുടുംബങ്ങള്‍ക്ക് കൂടി 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിക്കും.

ഭിന്നശേഷിക്കാരിയെ കൊലപ്പെടുത്തിയ പ്രതിക്ക് അകാല വിടുതല്‍ നല്‍കില്ല

ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗിക ചൂഷണം നടത്തിയ ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് അകാല വിടുതല്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു. സംരക്ഷകന്‍ എന്ന് നടിച്ച് ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗിക ചൂഷണം നടത്തി കൊലപ്പെടുത്തിയ പ്രതി പ്രകാശന്റെ അകാല വിടുതല്‍ ശുപാര്‍ശ ചെയ്യേണ്ടതില്ലെന്നാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.

സമൂഹത്തിന്റെ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള ശാരീരിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പലതരത്തില്‍ ചൂഷണം ചെയ്തശേഷം നിഷ്‌കരുണം കെലപ്പെടുത്തുകയാണ് പ്രതി ചെയ്തത് എന്നത് വിലയിരുത്തിയാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുകയും വിടുതല്‍ ഹര്‍ജി നിരസിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയും ചെയ്തത്.

നിയമനം

ഹൈക്കോടതിയിലെ നിലവിലെ ഒരു സീനിയര്‍ ഗവ. പ്ലീഡറുടെയും മൂന്ന് ഗവ. പ്ലീഡര്‍മാരുടെയും ഒഴിവുകളില്‍ നിയമനം നടത്തും. സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി അഡ്വ. ഇ ജി ഗോര്‍ഡനെ നിയമിക്കും. മൂന്ന് ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ തസ്തികകളിലേക്ക് അഡ്വ. അജിത് വിശ്വനാഥന്‍, അഡ്വ. ബിനോയി ഡേവിസ്, അഡ്വ. ടോണി അഗസ്റ്റിന്‍ എന്നിവരെയും നിയമിക്കും.

തുടരാന്‍ അനുവദിക്കും

പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും വര്‍ക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാരായി നിയമിച്ച അധ്യാപകരെ 2024 – 2025 അധ്യയന വര്‍ഷം ആരംഭിക്കുന്നതു വരെ (31.05.2024 വരെ) തുടരാന്‍ അനുവദിക്കും. അധ്യാപകരെ വര്‍ക്കിംഗ് അറേഞ്ച്മെന്റില്‍ നിയോഗിക്കുമ്പോള്‍ സ്‌കൂളുകളില്‍ നിയമിക്കുന്നതിന് പ്രൊട്ടക്ടഡ് അധ്യാപകരെ ലഭിക്കാത്ത അവസരങ്ങളില്‍ അധിക സാമ്പത്തിക ബാദ്ധ്യത ഇല്ലാതെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയോഗിക്കാവുന്നതും ഇതിനുള്ള വേതനം കൈറ്റ് സ്‌കൂളുകള്‍ക്ക് നല്‍കേണ്ടതുമാണ് എന്ന് വ്യവസ്ഥ ചെയ്യും. ഇതുപ്രകാരം 28.07.2023 ലെ ഉത്തരവ് ഭേദഗതി ചെയ്യും.

പുനര്‍വിന്യസിക്കും

പവര്‍ഗ്രിഡിന്റെ 400 കെവി ഇടമണ്‍ – കൊച്ചി ട്രാന്‍സ്മിഷന്‍ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍എ) പവര്‍ഗ്രിഡ്, കൊല്ലം യൂണിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കി പ്രസ്തുത യൂണിറ്റില്‍ ജോലി ചെയ്യുന്ന 11 ജീവനക്കാരെ പുനര്‍വിന്യസിക്കും. ഇടുക്കി ജില്ലയില്‍ രവീന്ദ്രന്‍ പട്ടയം റദ്ദാക്കലും അര്‍ഹമായ കേസുകളില്‍ പുതിയ പട്ടയങ്ങള്‍ അനുവദിക്കുന്നതിനുമുള്ള ലാന്‍ഡ് അസൈന്‍മെന്റ് യൂണിറ്റ് താല്‍ക്കാലികമായി ഒരുവര്‍ഷത്തേയ്ക്ക് രൂപീകരിച്ചാണ് പുനര്‍വിന്യസിക്കുക.

ടെന്‍ഡറിന് അംഗീകാരം

31.03.2024ന് അമൃത് പദ്ധതി അവസാനിക്കുന്നത് പരിഗണിച്ച് ആലപ്പുഴ നഗരസഭയില്‍ അമൃത് പദ്ധതിയുടെ അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്റ്ററിനു കീഴില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് അറ്റ് നെഹ്‌റു ട്രോഫി സ്റ്റാര്‍ട്ടിങ്ങ് പോയിന്റ് എന്ന പ്രവൃത്തിക്ക് 20.48% മുകളില്‍ ക്വോട്ട് ചെയ്തിട്ടുള്ള ടെണ്ടര്‍ എക്‌സസിന് അംഗീകാരം നല്കി. ടെണ്ടര്‍ എക്‌സസ്സിന്റെ 50% നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നും ബാക്കി 50% അമൃതിന്റെ സംസ്ഥാന വിഹിതത്തില്‍ നിന്നും വഹിക്കുന്നതിനു അനുമതി നല്‍കി.

Top