തൃശൂർ : സാമ്പത്തിക പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കിൽ, വായ്പ തിരിച്ചു പിടിക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി. വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിന് വലിയ പലിശ ഇളവ് നൽകുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ പി. കെ ചന്ദ്രശേഖരന്‍ അറിയിച്ചു. ഒരു വര്‍ഷം വരെ കുടിശ്ശികയുള്ള വായ്പയ്ക്ക് പലിശയുടെ 10 ശതമാനം ഇളവ് അനുവദിക്കും. അഞ്ച് വര്‍ഷം വരെ കുടിശ്ശികയുള്ള വായ്പയ്ക്ക് പരമാവധി 50 ശതമാനം വരെ പലിശയിളവും നൽകും. മാരകമായ രോഗമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, മാതാപിതാക്കൾ മരിച്ച മക്കൾ എന്നിവർക്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് പലിശയില്‍ ഇളവ് അനുവദിക്കും. ഡിസംബര്‍ 30 വരെയാകും പലിശയിളവ് അനുവദിക്കുകയെന്നും ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു.
അതേസമയം, കരുവന്നൂര്‍ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം നടത്തുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി എ സി മൊയ്തീന്‍ രംഗത്ത് എത്തി. ഒരു അവസരം കിട്ടിയപ്പോള്‍ തൃശൂര്‍ തന്നെ ഇ ഡി തെരഞ്ഞെടുത്തത് സുരേഷ് ഗോപിയ്ക്ക് വേണ്ടിയാണ്. ഇലക്ഷന്‍ ഡ്യൂട്ടിയാണ് ഇ ഡി ഇപ്പോള്‍ നടത്തുന്നതെന്നും എ സി മൊയ്തീന്‍ പൊതുവേദിയില്‍ വച്ച് കുറ്റപ്പെടുത്തി.
സഹകരണ ബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഇ ഡി നടത്തുന്നതെന്നും എസി മൊയ്തീന്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത് നടത്തുന്നത് എന്നതാണ് പ്രശ്നം. ഇ ഡി കരിവന്നൂര്‍ ബാങ്കിലെ ആധാരം എടുത്തുകൊണ്ട് പോയത് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വേണ്ടി മാത്രമാണ്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്ന സുരേഷ് ഗോപിയ്ക്ക് കളമൊരുക്കാനാണ് ഇ ഡി ഇത് ചെയ്യുന്നത്. സുരേഷ് ഗോപിയുടെ പദയാത്ര ഈ അരങ്ങൊരുക്കലിന്റെ ഭാഗമാണെന്നും എ സി മൊയ്തീന്‍ പറഞ്ഞു.