ജനപക്ഷം നേതാവും മുൻ എം.എൽ.എയും കൂടിയായ പി സി ജോർജ് കൂടി അറസ്റ്റിലായതോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുയമായി രംഗത്തെത്തിയ രണ്ടാമത്തെ പ്രമുഖ വ്യക്തിയാണ് സംസ്ഥാനത്ത് അറസ്റ്റിലായിരിക്കുന്നത്. നേരത്തെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ കൂട്ട് നില്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്ന സഹപ്രവത്തകയുടെ പരാതിയില്‍, ക്രൈം പത്രാധിപർ നന്ദകുമാറിനെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ പി.സി ജോർജും അറസ്റ്റിലായിരിക്കുകയാണ്.
പിണറായി വിജയനെ സംബന്ധിച്ച് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിലെ കടുത്ത ശത്രുക്കളാണ് ടി.പി നന്ദകുമാറും പി.സി ജോർജും. ലാവ് ലിൻ കേസിലും ഇരുവരും ശക്തമായ നിലപാടാണ് പിണറായിക്കെതിരെ സ്വീകരിച്ചിരുന്നത്.
ഇവർ രണ്ടു പേരും വ്യത്യസ്ത സംഭവങ്ങളിൽ അകത്തായതോടെ, അടുത്തത് ആരെയാണ് പിണറായി സർക്കാർ ഉന്നം വെക്കുന്നതെന്നാണ് രാഷ്ട്രീയ കേരളം ആകാംഷയോടെ ഉറ്റുനോക്കുന്നത്.
ഒന്നാം പിണറായി സർക്കാരിൽ നിന്ന് നേരെ വിപരീതമാണ് രണ്ടാം പിണറായി സർക്കാരിന്റെ സമീപനം. തനിക്കെതിരെ വരുന്നവരെ പ്രതികാര മനോഭാവത്തോടെ കീഴടക്കുന്ന നയമാണ് ഇത്തവണ മുഖ്യമന്ത്രി ഉൾപ്പെടെ സ്വീകരിച്ചിരിക്കുന്നത്. ഇതിന് സി.പി.എം നേതൃത്വത്തിൻ്റെ പിന്തുണയുമുണ്ട്. വീണു കിട്ടിയ ആയുധം ഉപയോഗപ്പെടുത്തുകയാണ് സർക്കാർ ചെയ്തതെന്നാണ് സി.പി.എം അവകാശപ്പെടുന്നതെങ്കിലും, പിന്നിലെ താൽപ്പര്യം വ്യക്തമാണ്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ, സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയത് പി.സി ജോർജിൻ്റെയും നന്ദകുമാറിൻ്റെയും അറിവോടെയാണെന്നാണ് സർക്കാർ സംശയിക്കുന്നത്. ഇവർക്കിടയിലെ ബന്ധം സംബന്ധിച്ച് ചില രേഖകൾ സി.പി.എം അനുകൂല ചാനലും പുറത്തു വിട്ടിരുന്നു.
ബിജെപി പിന്തുണയോടെയാണ്, രണ്ടാം ഘട്ടത്തിൽ ആരോപണങ്ങളുമായി സ്വപ്ന രംഗത്തു വന്നിരുന്നത്. പിസി ജോർജ് കഴിഞ്ഞ കുറെ നാളുകളായി ബിജെപിയുമായി യോജിച്ചാണ് പ്രവർത്തിക്കുന്നത്. സ്വപ്നയുടെ രണ്ടാം വരവിന്റെ ബുദ്ധികേന്ദ്രം പിസി ജോർജാണെന്ന വിലയിരുത്തലാണ് ഇപ്പോഴത്തെ അറസ്റ്റിനു പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
സോളാർ കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് പി സി ജോർജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിലും വ്യത്യസ്ത അഭിപ്രായങ്ങളാണ് സമൂഹത്തിൽ ഉണ്ടായിരിക്കുന്നത്.
സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ്, ഇത്തരത്തിൽ ഒരു പീഡനപരാതിയുള്ള വിവരം പി.സി.ജോർജിനെ പൊലീസ് നാടകീയമായി അറിയിച്ചിരിക്കുന്നത്. പിന്നീട് തൈക്കാട് അതിഥി മന്ദിരത്തിൽ എത്തിച്ചശേഷം, പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഈ വർഷം ഫെബ്രുവരി 10 ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നുമാണ് പി.സിക്കെതിരെ സോളാർ കേസ് പ്രതി രഹസ്യ മൊഴി നൽകിയിരിക്കുന്നത്. “ഐപിസി 354 എ പ്രകാരം ലൈംഗിക സ്വഭാവമുള്ള സ്പർശനമോ പ്രവർത്തിയോ ചെയ്യൽ, ഐപിസി 354 പ്രകാരം സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന ബലപ്രയോഗം” എന്നിവയാണ് പി സി ജോർജിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
അതേസമയം താൻ ഒരു വൃത്തികേടും ചെയ്തിട്ടില്ലെന്നും സത്യം തെളിയിക്കുമെന്നും പി സി ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.
സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ ഗൂഢാലോചന കേസിലാണ് പി.സി. ജോര്‍ജിനെ ഇന്നു ചോദ്യം ചെയ്യലിനു വിളിപ്പിച്ചിരുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തല്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നതാണ് കേസ്. പി.സി. ജോര്‍ജും സ്വപ്‌ന സുരേഷുമാണ് ഈ കേസിലെ പ്രതികള്‍.
ഓഫീസില്‍വെച്ച് മോശമായി പെരുമാറിയെന്നും, തെറ്റായ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചുമെന്ന സഹപ്രവര്‍ത്തകയുടെ പരാതിയിലാണ് എറണാകുളം നോര്‍ത്ത് പോലീസ് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമായിരുന്നു അറസ്റ്റ്. അദ്ദേഹം ഇപ്പോഴും ജയിലിലാണ് ഉള്ളത്. മന്ത്രി വീണാ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിരന്തരം പ്രലോഭിപ്പിച്ചുവെന്നും പല രീതിയില്‍ അതിനായി സമീപിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ ആരോപണത്തിനു പിന്നാലെ, നിരന്തരം ഭീഷണിപ്പെടുത്തി, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു തുടങ്ങിയ കുറ്റങ്ങളും ക്രൈം നന്ദകുമാറിനെതിരേ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ ക്രൈം നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാക്കനാട് സൈബര്‍ പോലീസാണ് നന്ദകുമാറിനെ അന്നു അറസ്റ്റ് ചെയ്തിരുന്നത്.
മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കടുത്ത ആരോപങ്ങളുമായി രംഗത്തെത്തിയ രണ്ടാളുകൾ അറസ്റ്റിലായതോടെ, സ്വപ്ന സുരേഷ് അടക്കമുള്ള സകല ആളുകളും ആകെ പരിഭ്രാന്തിയിലാണ്. ഒരു സംഥാനത്തിന്റെ മുഖ്യമന്ത്രി ഇത്തരത്തിൽ പ്രതികാര മനോഭാവത്തോടെ പെരുമാറുന്നത് ശെരിയാണോ എന്ന് പ്രതിപക്ഷം ചോദിക്കുമ്പോൾ, മുഖ്യമന്ത്രിയെയും പാർട്ടിയെയും കടന്നാക്രമിക്കാൻ വന്നവരെ ഇനിയും നേരിടുമെന്നാണ്, സോഷ്യൽ മീഡിയകളിൽ സി.പി.എം അണികൾ പ്രതികരിക്കുന്നത്. കാര്യങ്ങൾ എന്തായാലും പി.സി യുടെ അറസ്റ്റ് കേരളത്തെ ശരിക്കും നടുക്കിയിട്ടുണ്ട്. വൺ … ടു …. ഇനി …..? ഈ ചോദ്യമാണ് രാഷ്ട്രിയ നേതാക്കൾ പരസ്പരം ചോദിക്കുന്നത്.
പീഡന പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ പിസി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്‍ മുന്നോട്ടു വച്ച വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നതാണ് ജാമ്യ വ്യവസ്ഥ.
EXPRESS KERALA VIEW