വണ്‍പ്ലസിന്‍റെ ഈ വര്‍ഷത്തെ ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വണ്‍പ്ലസ് 10 പ്രോ പുറത്തിറങ്ങി

ണ്‍പ്ലസിന്‍റെ ഈ വര്‍ഷത്തെ ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വണ്‍പ്ലസ് 10 പ്രോ ഇറങ്ങി. ചൈനയിലാണ് ഫോണിന്‍റെ ആഗോള ലോഞ്ചിംഗ് നടന്നത്. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്പ്സെറ്റ് ഉപയോഗിച്ചുള്ള ഫോണ്‍ ആണ് ഇത്. 6.7 ഇഞ്ച് ക്യൂഎച്ച്ഡി+എല്‍ടിപിപി ഡിസ്പ്ലേയാണ് ഇതിനുള്ളത്. 50 എംപി ട്രിപ്പിള്‍ ക്യാമറസെറ്റ് ആണ് പിന്‍ ഭാഗത്ത്. എപ്പോഴാണ് ഇന്ത്യയില്‍ ഈ ഫോണ്‍ അവതരിപ്പിക്കുന്നത് എന്ന് ഇപ്പോള്‍ വ്യക്തമല്ല. അടുത്തമാസമാണ് പ്രതീക്ഷിക്കപ്പെടുന്ന സമയം.

ഈ ഫോണിന്‍റെ വിലയിലേക്ക് വന്നാല്‍ ചൈനയില്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട വില പ്രകാരം 8ജിബി റാം+128 ജിബി സ്റ്റോറേജ് പതിപ്പിന് വില 54,490 വരും. 8ജിബി റാം+256 ജിബി സ്റ്റോറേജ് പതിപ്പിന് വില 57,970 രൂപയോളം വരും. 12ജിബി+ 256 ജിബി പതിപ്പിന് ചൈനീസ് വിലപ്രകാരം 61,448 രൂപയാണ് വരുക. എന്നാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ നികുതികളും മറ്റും കൂട്ടി ഇതില്‍ കൂടിയ വില പ്രതീക്ഷിച്ചാല്‍ മതി.

അതേ സമയം ഫോണിന്‍റെ പ്രത്യേകതകളിലേക്ക് വന്നാല്‍ കളര്‍ ഒഎസ് 12.1 ല്‍ ആന്‍ഡ്രോയ്ഡ് 12 അടിസ്ഥാന ഒഎസ് ആണ് ഈ ഫോണിന്. 6.7 ഇഞ്ച് ക്യൂഎച്ച്ഡി ഫുള്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഇതിന്. ഒപ്പം ഈ ഡിസ്പ്ലേ നൂതനമായ എല്‍ടിപിഒ ടെക്നോളജി പിന്തുണയോടെയാണ് വരുന്നത്. അതിലൂടെ സ്ക്രീന്‍ റിഫ്രഷ്മെന്‍റ് റൈറ്റ് 1 Hz നും 120 Hzനും ഇടയില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കും.

സ്നാപ്ഡ്രാഗണ്‍ 8 Gen 1 SoC ചിപ്പ് സെറ്റ് ഉപയോഗിച്ച് വിപണിയില്‍ എത്തുന്ന ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ആണ് വണ്‍പ്ലസ് 10പ്ലസ് പ്രോ. 5,000 എംഎഎച്ചാണ് ഈ ഫോണിന്‍റെ ബാറ്ററി ശേഷി. 80W ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും, 50W വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും ഇതിനുണ്ട്.  ക്യാമറ സംവിധാനത്തിലേക്ക് വന്നാല്‍ 48 എംപി പ്രൈമറി സെന്‍സര്‍, 50 എംപി അള്‍ട്ര വൈഡ് അംഗിള്‍ സെന്‍സര്‍, 8 എംപി 3Xസൂം ക്യാമറ എന്നിവയാണ് പിന്നിലുള്ളത്. 32 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ.

Top