ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണ്‍ വാങ്ങുന്നവരുടെ എണ്ണം കുത്തനെ കുറയുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വിപണിയിലെ മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന കൗണ്ടര്‍പോയിന്റ് ഗവേഷണ കമ്പനിയാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ചൈനീസ് കമ്പനിയായ വണ്‍പ്ലസ്, വണ്‍പ്ലസ് 7/പ്രോ മോഡല്‍ അവതരിപ്പിച്ചതിലൂടെ ഇന്ത്യന്‍ പ്രീമിയം സ്മാര്‍ട് ഫോണ്‍ വിപണിയില്‍ കമ്പനി തങ്ങളുടെ മേധാവിത്വം വീണ്ടും ഉറപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സാംസങും ആപ്പിളും കാര്യമായ മുന്നേറ്റം നടത്തിയതുമില്ല.
ഐഫോണ്‍ എക്‌സ് ആര്‍ സീരിസ് ആപ്പിള്‍ വിലകുറച്ചു വില്‍ക്കാന്‍ ശ്രമിച്ചതിലൂടെ പിടിച്ചു നില്‍ക്കാനായി. വിവിധ പ്രൊമോഷനല്‍ ഓഫറുകള്‍ നല്‍കി സാംസങും തങ്ങളുടെ എസ്10 സീരിസിലെ ഫോണുകളും കുറച്ചു വിറ്റുവെങ്കിലും വണ്‍പ്ലസിന്റെ മുന്നേറ്റം ഇപ്പോഴും തുടരുകയാണ്. ഈ വര്‍ഷം തങ്ങളുടെ ഫോണുകളുടെ വില വണ്‍പ്ലസ് കൂട്ടിയെങ്കിലും ആരാധകര്‍ കമ്പനിയോടുള്ള കൂറു നിലനിര്‍ത്തുന്നതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രീമിയം ഫോണുകളുടെ ഫീച്ചറുകള്‍ കുറഞ്ഞ വിലയ്ക്കു നല്‍കുക എന്ന രീതി അനുവര്‍ത്തിച്ചാണ് വണ്‍പ്ലസ് സ്മാര്‍ട് ഫോണ്‍ പ്രേമികളുടെ മനസില്‍ ഇടംപിടിച്ചത്. എന്നാല്‍ തങ്ങളുടെ ഏറ്റവും പുതിയ മോഡലുകള്‍ക്ക് കമ്പനി വില കൂട്ടുകയും ചെയ്തു.