വണ്‍പ്ലസിന് പറ്റിയ അമളി: പരിഹസിച്ചവർ തന്നെ ഐഫോണിലൂടെ പരസ്യം ചെയ്തു

കൊട്ടിഘോഷിച്ചെത്തിയ ഈ വര്‍ഷത്തെ വണ്‍പ്ലസ് 9 സീരീസിന്റെ പ്രചാരണത്തിനായി ഐഫോണ്‍ ഉപയോഗിച്ചുവെന്നത് വണ്‍പ്ലസിനെ കുറച്ചൊന്നുമല്ല നാണം കെടുത്തിയിരിക്കുന്നത്. വണ്‍പ്ലസ് ഇന്ത്യയാണ് ഇപ്പോള്‍ കമ്പനിയെ നാണംകെടുത്തിയത്. അഭിഷേക് യാദവ് എന്ന വ്യക്തിയാണ് വണ്‍പ്ലസ് ജീവനക്കാരന്റെ മണ്ടത്തരം കൈയ്യോടെ പിടികൂടി പുറത്തറിയിച്ചത്.

വണ്‍പ്ലസിന്റെ സമൂഹ മാധ്യമ ടീം തെറ്റ് കണ്ടെത്തി അതിവേഗം നീക്കം ചെയ്തുവെങ്കിലും അതിനുമുൻപ് അഭിഷേക് എടുത്ത സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഫോണ്‍ പുറത്തിറക്കുന്നതിനു മുൻപ് നല്‍കിയ പരസ്യങ്ങളിലൊന്ന് ആപ്പിളിനെ കളിയാക്കുന്നതായിരുന്നു എന്നതും വണ്‍പ്ലസിന്റെ നാണക്കേട് വര്‍ധിപ്പിക്കും.

വൺപ്ലസ് 9 പ്രോയ്ക്ക് ഐഫോണിനെ തോല്‍പ്പിക്കുന്ന തരത്തിലുള്ള വയര്‍ലെസ് ചാര്‍ജിങ് ശേഷിയുണ്ടെന്നായിരുന്നു പരസ്യത്തില്‍ കമ്പനി വീമ്പിളക്കിയത്. വണ്‍പ്ലസ് വയര്‍ലെസായി 43 മിനിറ്റിനുള്ളില്‍ പുജ്യത്തില്‍ നിന്ന് ഫുള്‍ ചാര്‍ജ് ആയപ്പോള്‍ ലേറ്റ്‌നിങ് കേബിള്‍ ഉപയോഗിച്ചു ചാര്‍ജു ചെയ്ത ഐഫോണ്‍ 72 ശതമാനം എത്തിയൊള്ളു എന്നതായിരുന്നു പരിഹാസം. ഇതെല്ലാം കഴിഞ്ഞാണ് ഒരു ജീവനക്കാരന്‍ വണ്‍പ്ലസ് 9 സീരീസിനുള്ള പരസ്യം തന്റെ ഐഫോണിലെ ട്വിറ്റര്‍ ആപ്പില്‍ നിന്ന് പോസ്റ്റ് ചെയ്തത്.

Top