കൊച്ചി: എടിഎം ഓണ്‍ലൈന്‍ തട്ടിപ്പിനായി ട്രൂ കോളര്‍ ആയുധമാക്കി ഉത്തരേന്ത്യന്‍ ലോബികള്‍. മൊബൈല്‍ ആപ്ലിക്കേഷനായ ട്രൂ കോളറില്‍ കൈവശമുള്ള നമ്പര്‍ ഡയല്‍ ചെയ്ത് പേര് മനസിലാക്കിയാണ് പുതിയ തട്ടിപ്പ്. പേരുമനസിലാക്കിയാലുടന്‍ ആളെ വിളിച്ച് ചിപ്പ് എ.ടി.എം കാര്‍ഡിലേക്ക് ഉടന്‍ മാറണമെന്നും അല്ലെങ്കില്‍ കാര്‍ഡ് ബ്ലോക്കാവുമെന്നും പിഴയടയ്‌ക്കേണ്ടി വരുമെന്നും പറഞ്ഞാണ് തട്ടിപ്പ്. സ്ത്രീകള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കി കോള്‍സെന്റര്‍ മാതൃകയില്‍ വിളിച്ചാണ് ഇവരുടെ തട്ടിപ്പ്.
അടുത്തിടെയാണ് പണമിടപാടിന് എ.ടി.എം ചിപ്പ് കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ഇതിനുപിന്നാലെ തട്ടിപ്പ് സംഘവും അടവ് മാറ്റി. ചിപ്പ് എ.ടി.എം കാര്‍ഡുകള്‍ നല്‍കുന്നതിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് തട്ടിപ്പ് കോളുകള്‍. നിലവിലെ എ.ടി.എം കാര്‍ഡ് മരവിപ്പിക്കുമെന്നും അതിനാല്‍ ഫോണില്‍ വന്നിരിക്കുന്ന കോഡ് പറഞ്ഞു നല്‍കണമെന്നുമാകും ആവശ്യം. കോഡ് അപ്പോള്‍ തന്നെ പറഞ്ഞു നല്‍കിയാല്‍ കാര്‍ഡ് ഉടന്‍ അയച്ചു നല്‍കുമെന്നും ഇല്ലെങ്കില്‍ കാലതാമസം ഉണ്ടാകുമെന്നും പറഞ്ഞ് ഇംഗ്ലീഷിലാണ് വിളിയെത്തുന്നത്. ബാങ്ക് വിവരങ്ങള്‍ കൃത്യമായി പറഞ്ഞ് ഫലിപ്പിച്ചാണ് തട്ടിപ്പുകാര്‍ കാര്‍ഡ് ഉടമകളെ കെണിയില്‍ വീഴ്ത്തുന്നത്.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ കേരള പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയപ്പോഴാണ് തട്ടിപ്പിന് പുതിയ തന്ത്രങ്ങള്‍ പരീക്ഷിച്ച് ഉത്തരേന്ത്യന്‍ ലോബികള്‍ രംഗത്തെത്തിയിരിക്കുന്നത്.