കോഴിക്കോട്: ഉള്ളി, സവാള വില കുതിച്ചുയരുന്നു. സവാളക്ക് മാര്‍ക്കറ്റില്‍ ഞായറാഴ്ച കിലോക്ക് ചില്ലറ വില 100 രൂപയെത്തി. വെള്ളിയാഴ്ച 90 രൂപയുണ്ടായിരുന്നതാണ് ഒറ്റദിവസംകൊണ്ട് കുതിച്ചുയര്‍ന്നത്.
ചരിത്രത്തില്‍ ആദ്യമാണ് വലിയ ഉള്ളിവില 100 കടക്കുന്നതെന്ന് കച്ചവടക്കാര്‍ പറഞ്ഞു. കിലോക്ക് എട്ടു രൂപവരെ വിറ്റതാണ് മാസങ്ങള്‍ക്കകം കുതിച്ചുയര്‍ന്നത്. വരും ദിവസങ്ങളില്‍ വില മുന്നോട്ട് കുതിക്കാനാണ് സാധ്യത. ദൗര്‍ലഭ്യം കണക്കിലെടുത്ത് ഈജിപ്തില്‍നിന്ന് ഇറക്കുമതിചെയ്ത ഉള്ളി ലോഡുകളും ഞായറാഴ്ച മുതല്‍ കോഴിക്കോട്ട് എത്തിത്തുടങ്ങി.
മഹാരാഷ്ട്രയിലെ പ്രളയവും കൃഷിനാശവുമാണ് വന്‍ വിലക്കയറ്റത്തിന് കാരണം. ചുവപ്പ്, റോസ് എന്നീ രണ്ടിനം ഉള്ളികളാണ് വിപണിയില്‍ സാധാരണയായെത്താറ്. പെട്ടെന്ന് കേടാവാത്ത, ജല സാന്നിധ്യം കുറഞ്ഞ ചുവപ്പ് ഇനത്തിനാണ് വില കൂടുതല്‍ ഈടാക്കിയിരുന്നത്. എന്നാല്‍, ക്ഷാമം തുടങ്ങിയതോടെ എല്ലായിനങ്ങള്‍ക്കും ഒരേ വിലയായി.