ചെന്നൈ: ഇപ്പോള്‍ രാജ്യത്ത് താരമായിരിക്കുന്നത് ഉള്ളിയാണ്. പൊന്നിനേക്കാള്‍ വിലയാണ് ഉള്ളിക്ക്. ബംഗളൂരുവില്‍ ഉള്ളി വില ‘ഡബിള്‍ സെഞ്ച്വറി’ അടിച്ചപ്പോള്‍ തമിഴ്നാട്ടിലാകട്ടെ ഒരു കിലോയ്ക്ക് 180 രൂപയായി.
പക്ഷെ ഇവിടെ വിഷയം അതല്ല, ബിസിനസ്സുകാര്‍ പോലും ഇപ്പോള്‍ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ക്കായി ഉള്ളിയെ ഏറ്റെടുത്തിരിക്കുകയാണ്. തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ എസ്ടിആര്‍ മൊബൈല്‍സ് എന്ന സ്ഥാപനമാണ് ഉള്ളിയെ മാര്‍ക്കറ്റിങ് തന്ത്രമായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി ‘ഫ്രീ’ ഇതാണ് സ്ഥാപനം നല്‍കുന്ന ഓഫര്‍. എന്നാല്‍ വാര്‍ത്ത പ്രചരിച്ചതോടെ സ്ഥാപനത്തിന് മുന്നില്‍ ആളുകള്‍ ക്യൂ നില്‍ക്കാന്‍ തുടങ്ങി. അതേസമയം തന്റെ തന്ത്രം ഫലിച്ചെന്നാണ് കടയുടമ അവകാശപ്പെടുന്നത്. സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഉള്ളി തിരഞ്ഞെടുക്കാനും കഴിയും.
‘എട്ടുവര്‍ഷം മുമ്പ് തുടങ്ങിയ സ്ഥാപനമാണിത്. ഇതുവരെ ദിവസേന രണ്ട് മൊബൈല്‍ ഫോണ്‍ മാത്രമാണ് വിറ്റുപോയിരുന്നത്. എന്നാല്‍ ഉള്ളി സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെ വില്‍പ്പന കൂടി. കഴിഞ്ഞ രണ്ടുദിവസമായി എട്ട് മൊബൈല്‍ഫോണുകളാണ് ഓരോദിവസവും വിറ്റുപോയത്- കടയുടമ പറഞ്ഞു.
നേരത്തെ ബംഗളൂരുവിലെ മലയാളികള്‍ നടത്തുന്ന ഒരു കാര്‍ സര്‍വീസ് സെന്ററും ഇത്തരത്തില്‍ ഉള്ളി സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.