ചെറിയ ഉള്ളിയും സവാളയും തമ്മിൽ പോരാട്ടം;സംസ്ഥാനത്ത് ഉള്ളിവില കുതിയ്ക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളിവില കുതിയ്ക്കുന്നു.കേരളത്തിൽ ചെറിയ ഉള്ളിയുടേയും സവാളയുടെയും വില കൂടി. തെക്കൻ കേരളത്തിൽ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില. സവാളയ്ക്ക് 70 രൂപ വരെയും. ഉത്സവ നാളുകൾക്ക് വില കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്.

അതേസമയം, കേരളത്തിന് പുറത്തും സവാളക്കും ഉള്ളിക്കും വില കൂടി വരികയാണ്. രാജ്യത്ത് സവാളയുടെ വില കുത്തനെ കൂടുകയാണ്. പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വര്‍ധനയാണ് വിലയിലുണ്ടായത്. ദില്ലിയിൽ ഒരു കിലോ സവാളയ്ക്ക് എഴുപത് മുതൽ നൂറ് വരെയാണ് നിലവിലെ വില. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടപടികൾ തുടങ്ങിയെന്നാണ് കേന്ദ്രസർക്കാരിന്‍റെ വിശദീകരണം. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ 70 രൂപയ്ക്ക് മുകളിലായിരുന്നു ഒരു കിലോ ഉള്ളിയ്ക്ക് വില. വരും ദിവസങ്ങളില്‍ വില നൂറ് രൂപയിലെത്തുമെന്ന് കച്ചവടക്കാര്‍ തന്നെ പറയുന്നു. ലഭിക്കുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും. വരുന്ന ഡിസംബര്‍ മാസം വരെ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന.

 

Top