തിരുവനന്തപുരം: ഒരു ഇടവേളക്കുശേഷം സംസ്ഥാനത്ത് ചെറുകിട മാര്‍ക്കറ്റുകളില്‍ ഉള്ളി വില വര്‍ധിക്കുന്നു. ചെറുകിട കച്ചവടക്കാര്‍ 120 രൂപ വരെ ഈടാക്കിയാണ് ഉള്ളി വില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് ലോഡ് വരുന്നത് കുറഞ്ഞതാണ് സംസ്ഥാനത്ത് ചെറിയുള്ളി വെളുത്തുള്ളി എന്നിവയുടെ വില 100 കടക്കാന്‍ ഇടയാക്കിയത്.
പച്ചക്കറി വില കുറഞ്ഞതിന്റെ ആശ്വാസം ഇല്ലാതാക്കുന്ന രീതിയിലാണ് ഉള്ളി വെളുത്തുള്ളി എന്നിവയുടെ വിലയില്‍ വന്‍വര്‍ധനവ് ഉണ്ടായത്. മൊത്തം മാര്‍ക്കറ്റുകളിലടക്കം മഹാരാഷ്ട്രയില്‍ നിന്ന് ചെറിയ ഉള്ളി വെളുത്തുള്ളി എന്നിവയുടെ വരവ് കുറഞ്ഞതോടെ കിലോയ്ക്ക് 100 മുതല്‍ 120 രൂപ വരെ നിരക്കിലാണ് ചെറുകിട മാര്‍ക്കറ്റുകളില്‍ ഉള്ളി വില്‍പ്പന നടക്കുന്നത്.
നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ചതോടെ മഹാരാഷ്ട്രയില്‍ നിന്ന് ദിനംപ്രതിയെത്തുന്ന ലോറികളുടെ എണ്ണം കുറഞ്ഞു എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഉള്ളി കൃഷി ചെയ്തിരുന്ന മേഖലകളില്‍ മഴ നാശം വിതച്ചതും വിലവര്‍ധനവിന്റെ കാരണങ്ങളില്‍ ഒന്നാണ്. നവരാത്രി ആഘോഷങ്ങള്‍ കഴിയുന്നതുവരെ വില കുറയാന്‍ സാധ്യത ഇല്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
അതേസമയം നേരത്തെ ഉള്ളി സംഭരിച്ചു വച്ചിരിക്കുന്ന ചില വന്‍കിട കച്ചവടക്കാര്‍ വിപണിയില്‍ സാധനം നല്‍കാതെ പൂഴ്ത്തിവെച്ച് വില വര്‍ധനവിന് സാഹചര്യം സൃഷ്ടിക്കുന്നുവെന്നും കച്ചവടക്കാര്‍ പറയുന്നു. മൊത്ത കച്ചവടക്കാരുടെ ഗോഡൗണുകളില്‍ ഉള്‍പ്പെടെ കൃത്യമായ പരിശോധന നടത്തിയാല്‍ നിലവിലെ വിലയില്‍ കുറവുണ്ടാകാന്‍ ഇടയുണ്ട് എന്നും കച്ചവടക്കാര്‍ പറഞ്ഞു.