ജാര്‍ഖണ്ഡ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തെ പൂട്ടി സൈബര്‍ ഡോം . .

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി ഓണ്‍ലൈന്‍ തട്ടിപ്പ് വഴി ലക്ഷങ്ങളാണ് പലര്‍ക്കും നഷ്ടപെട്ടത്. ഡോക്ടര്‍മാരും അദ്ധ്യാപകരുമടക്കം പത്തിലേറെ പേര്‍ തട്ടിപ്പിനിരയായി. 15 ലക്ഷത്തിലേറെ രൂപയാണ് ഇങ്ങിനെ അടിച്ചുമാറ്റിയത്.

കേരളത്തിലും അന്യസംസ്ഥാനങ്ങളിലുമായി വ്യാപക അന്വേഷണമാണ് ഇവര്‍ക്കെതിരെ നടന്നത്.

ജാര്‍ഖണ്ഡിലെ ജാംതാരയിലെ ഏഴ് സംഘങ്ങളാണ് തട്ടിപ്പ് നടത്തിയതെന്ന് സൈബര്‍ ഡോം ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ ജാര്‍ഖണ്ഡ് ഡി.ജി.പിക്കും റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും അയച്ചു.

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായുള്ള മൊബൈല്‍ യു.പി.എ ആപ്ളിക്കേഷനുകളുടെ മറവിലാണ് തട്ടിപ്പ് നടക്കുന്നത്. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഐ.ജി മനോജ് എബ്രഹാം പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 12 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ ജാര്‍ഖണ്ഡിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹൈടെക്ക് തട്ടിപ്പിനെക്കുറിച്ച് അക്കൗണ്ടുടമകള്‍ ജാഗ്രത പാലിക്കണം. അപരിചിത സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നവര്‍ക്കാണ് പണം നഷ്ടമാവുന്നത്. അക്കൗണ്ടിലെ മുഴുവന്‍ പണവും തട്ടിയെടുക്കുന്നതാണ് പുതിയ രീതി. തട്ടിപ്പിനിരയായെന്ന് ബോദ്ധ്യമായാലുടന്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് വേഗത്തില്‍ എം -പിന്‍ മാറ്റണമെന്നും ഐ.ജി മനോജ് എബ്രഹാം വ്യക്തമാക്കി.

മൊബൈല്‍ നമ്പരിലേക്ക് എസ്.എം.എസ് അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഫോണ്‍ വിളിയെത്തും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ റീ ആക്ടിവേറ്റ് ചെയ്യാനാണെന്ന് അറിയിക്കും. മൊബൈലില്‍ ലഭിച്ച സന്ദേശം ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പരിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെടും. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള നമ്പര്‍ അറിയാനാണിത്. മൊബൈല്‍ നമ്പരുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തും. ഇതേസമയം തട്ടിപ്പുകാരന്‍ ബാങ്കിന്റെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത്, സന്ദേശം ലഭിച്ച നമ്പര്‍ അതില്‍ രജിസ്റ്റര്‍ ചെയ്യും.

തട്ടിപ്പുകാരന്റെ ഫോണിലെ വെര്‍ച്വല്‍ ഐ.ഡിയില്‍ ഈ അക്കൗണ്ടുകള്‍ ലിങ്ക് ആവും. ഈ സമയം എം-പിന്‍ ജനറേറ്റ് ചെയ്യാനുള്ള ഒറ്റത്തവണ പാസ്വേര്‍ഡ് (ഒ.ടി.പി) അക്കൗണ്ട് ഉടമയുടെ ഫോണിലെത്തും. ഈ നമ്പര്‍ പറഞ്ഞുകൊടുക്കാന്‍ തട്ടിപ്പുകാരന്‍ ആവശ്യപ്പെടും. ഒ.ടി.പി ലഭിക്കുന്നതോടെ എത്ര പണമിടപാട് വേണമെങ്കിലും തട്ടിപ്പുകാരന് നടത്താനാവും.

തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ളവരാണ് തട്ടിപ്പിനിരയായത്. നാല് ഇടപാടുകളിലൂടെ ഒരു ഡോക്ടറുടെ 2 ലക്ഷമാണ് തട്ടിയെടുത്തത്. കോട്ടയത്തെ കോളേജ് അദ്ധ്യാപകരും കൊച്ചിയിലെ വിദ്യാര്‍ത്ഥിയും തട്ടിപ്പിനിരയായി. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തിട്ടും ചിലര്‍ക്ക് പണം നഷ്ടമായി.

Top