തിങ്കളാഴ്ച്ച മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും; മാര്‍ഗ നിര്‍ദേശം പുറത്തിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനല്‍ വഴി തിങ്കളാഴ്ച മുതല്‍ ഓണ്‍ ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നതിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സര്‍ക്കാര്‍. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് സ്‌കൂളുകള്‍ തുറക്കുന്നതില്‍ കേന്ദ്ര നിലപാട് കാക്കാന്‍ തീരുമാനിച്ചത്. അധ്യാപകര്‍ സ്‌കൂളിലെത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും സ്‌കൂള്‍ തുറന്നശേഷം മാത്രം എത്തിയാല്‍ മതിയെന്നാണ് നിലവിലെ ധാരണ.

ജൂണ്‍ ഒന്ന് മുതല്‍ തന്നെ ഫസ്റ്റ് ബെല്‍ എന്ന പേരില്‍ വിക്ടേഴ്‌സ ചാനലും ചാനലിന്റെ വെബ് സൈറ്റും വഴി ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങും. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര മണിവരെയുള്ള സമയത്താണ് വിവിധ ക്ലാസുകളിലേക്കുള്ള കുട്ടികള്‍ക്കുള്ള അധ്യയനം. പന്ത്രണ്ടാം ക്ലാസിലെ വിഷയമാണ് രാവിലെ എട്ടരമുതല്‍ പത്തരവരെ. ഒന്നാം ക്ലാസ് പത്തര മുതല്‍ അര മണിക്കൂര്‍. പത്താം ക്ലാസിലെ കുട്ടികള്‍ക്ക് 11 മണിക്കാണ് ക്ലാസ്. എല്ലാ ക്ലാസും പുനസംപ്രേക്ഷണം ചെയ്യും.

ടി വിയും ഫോണും ഇല്ലാത്തവര്‍ക്ക് പ്രധാന അധ്യാപകര്‍ ക്ലാസുകള്‍ ഉറപ്പാക്കണം. സമീപത്തെ വായനശാലകള്‍ ഉള്‍പ്പടെ ഉപയോഗിക്കാം. ഓരോ ഓണ്‍ലൈന്‍ ക്ലാസിന് ശേഷവും അധ്യാപകര്‍ അതാത് ക്ലാസുകളിലെ കുട്ടികളുമായി വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴിയോ ഫോണ്‍ വഴിയോ ചര്‍ച്ച ചെയ്യണം. ആദ്യത്തെ ആഴ്ചയിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വിലയിരുത്തിയ ശേഷം മെച്ചപ്പെടുത്തും.

Top