സംസ്ഥാനത്ത് നാളെ മൂന്നാംഘട്ട ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കും

തിരുവനന്തപുരം: നാളെ വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള മൂന്നാംഘട്ട ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കും. സംസ്ഥാനത്തെ ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട ഹര്‍ജികളും തീര്‍പ്പാക്കി. ഏതെങ്കിലും വ്യക്തികള്‍ക്ക് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടായാല്‍ ഉചിതമായ ഫോറത്തില്‍ പരാതി നല്‍കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. നേരത്തെ ഓണ്‍ലൈന്‍ ക്ലാസുകളുടെ തുടക്കത്തില്‍ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

കുട്ടികള്‍ക്ക് ഏറ്റവും അടുത്ത സമയത്ത് തന്നെ സൗകര്യങ്ങളൊരുക്കുമെന്നും സര്‍ക്കാര്‍ വ്യാഴാഴ്ച കോടതിയില്‍ വ്യക്തമാക്കി. സൗകര്യം ഇല്ലാത്ത കുട്ടികളില്‍ ഭൂരിഭാഗവും വിദൂര ആദിവാസി മേഖലകളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ എത്തിക്കും. ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ റെക്കോര്‍ഡ് ചെയ്ത് എത്തിക്കും.

വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാന്‍ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതിനെ തുടര്‍ന്നാണ് മൂന്നാംഘട്ട ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നത്.

Top