മാര്‍ക്കറ്റുകളിലെ മത്സ്യ വില ഇനി ഓണ്‍ലൈനായി അറിയാം; പദ്ധതിയുമായി സിഎംഎഫ്ആര്‍ഐ

കൊച്ചി: മാര്‍ക്കറ്റുകളിലെ മീന്‍വില ഓണ്‍ലൈനായി അറിയാനുള്ള പദ്ധതിയുമായി സിഎംഎഫ്ആര്‍ഐ. മാര്‍ക്കറ്റുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് വികസിപ്പിക്കുന്നതിനായാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ (സിഎംഎഫ്ആര്‍ഐ) പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. മത്സ്യ മാര്‍ക്കറ്റുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, അതാത് മാര്‍ക്കറ്റുകളിലെ തത്സമയ മീന്‍വില എന്നിവ പൊതുജനങ്ങള്‍ക്ക് അറിയുന്നതിനും വാണിജ്യപ്രാധാന്യ മത്സ്യങ്ങളുടെ ഇ-ലേലത്തിന് അവസരമൊരുക്കുന്ന തരത്തിലുള്ള ഒരു സംവിധാനം വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മത്സ്യത്തൊഴിലാളികള്‍, ഉപഭോക്താക്കള്‍, വിതരണക്കാര്‍, മത്സ്യ സംസ്‌കരണവ്യവസായികള്‍ എന്നിവര്‍ക്കെല്ലാം ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണിതെന്ന് സിഎംഎഫ്ആര്‍ഐ അവകാശപ്പെടുന്നു. രാജ്യത്തെ 1500 മത്സ്യമാര്‍ക്കറ്റുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലാന്‍ഡിംഗ് സെന്ററുകള്‍, മൊത്തവ്യാപാര മാര്‍ക്കറ്റുകള്‍, ചില്ലറവ്യാപാര മാര്‍ക്കറ്റുകള്‍, കൃഷി ഉല്‍പാദന മാര്‍ക്കറ്റുകള്‍ എന്നിവ ഇതില്‍പെടും. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ (എന്‍എഫ്ഡിബി) സാമ്പത്തിക സഹായത്തോടെയാണ് സിഎംഎഫ്ആര്‍ഐ പദ്ധതി നടപ്പിലാക്കുന്നത്.

Top