ദുബായ്: ഓണ്‍ലൈന്‍ വ്യാപാരത്തട്ടിപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യ പകുതിയില്‍ മാത്രം 4879 സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പൂട്ടിച്ചതായി ദുബായ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് അധികൃതര്‍ അറിയിച്ചു. 30 വെബ്‌സൈറ്റുകളും അടച്ചുപൂട്ടി. ഓണ്‍ലൈന്‍ വഴി നിരവധി വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. ഈ അക്കൗണ്ടുകള്‍ക്ക് 33.5 ദശലക്ഷം അനുയായികളുണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു.
വ്യാപാര നിയമങ്ങള്‍ കര്‍ശനമായ ദുബായില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിലേക്ക് നേരിട്ട് എത്തിക്കുന്നതും കടകളില്‍ വില്‍പ്പന നടത്തുന്നതും അത്ര എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈനിലൂടെ തട്ടിപ്പുകാര്‍ രംഗത്തെത്തിയത്. നിലവാരം കുറഞ്ഞതും വ്യാജ ഉല്‍പ്പന്നങ്ങളും ഓണ്‍ലൈനിലൂടെ സുലഭമായി ദുബായിലെത്തുന്നുവെന്ന് കാണിച്ച് വഞ്ചനയ്ക്കിരയായ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ബാഗുകള്‍, സുഗന്ധ ദ്രവ്യങ്ങള്‍, വാച്ചുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ ബ്രാന്റ് പേരുകളിലാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്തരം നിരവധി സമൂഹ മാധ്യമ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും വ്യാജമാണെന്ന് കണ്ടെത്തിയത്.
തട്ടിപ്പുകാര്‍ രാജ്യത്തിന് പുറത്തായതിനാല്‍ അവര്‍ക്കെതിരായ നിയമനടപടികള്‍ എളുപ്പമല്ല, അതിനാലാണ് സൈറ്റുകള്‍ തന്നെ അടച്ചുപൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്. വിവിധ ഉല്‍പ്പന്നങ്ങളുടെ ബ്രാന്റ് കമ്പനികളുമായി സഹകരിച്ചായിരുന്നു നടപടി. സുരക്ഷിതമായി വ്യാപാരം നടത്താനാവുന്ന കേന്ദ്രം എന്ന നിലയില്‍ ഉപഭോക്താവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന നിര്‍ബന്ധ ബുദ്ധിയാണ് ഇത്തരമൊരു നടപടിക്ക് പിന്നിലെന്ന് ദുബായ് സാമ്പത്തിക വികസന വകുപ്പ് ഡയറക്ടര്‍ ഇബ്രാഹിം ബെഹ്‌സാദ് അറിയിച്ചു.
വ്യാജ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും ഞങ്ങളുടെ സംഘം കൃത്യമായി നിരീക്ഷിച്ച ശേഷമായിരുന്നു നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ വ്യാജ ഉല്‍പനങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ ഉടന്‍ തന്നെ അറിയിക്കണമെന്നും ഇബ്രാഹിം ബെഹ്‌സാദ് പറഞ്ഞു. ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഉപഭോഗ്താക്കളുടെ സുരക്ഷയെയും ആരോഗ്യത്തെയും മോശമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാന്‍ 600545555 എന്ന നമ്പറോ @dubai consumers എന്ന സമൂഹമാധ്യമ അക്കൗണ്ടോ ഉപയോഗിക്കാമെന്നും ഇബ്രാഹിം ബെഹ്‌സാദ് വ്യക്തമാക്കി.