അയോധ്യ രാമക്ഷേത്രത്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ഫോണിലേക്ക് മെസേജും ക്യു ആർ കോഡും

ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മഹാഭിഷേക ചടങ്ങുകൾ നടക്കാനിരിക്കെ, ക്ഷേത്രത്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നതായി വിശ്വഹിന്ദു പരിഷത്ത് മുന്നറിയിപ്പ് നൽകി. ക്ഷേത്രത്തിന്റെ പേരിൽ സംഭാവന ആവശ്യപ്പെട്ട് സൈബർ കുറ്റവാളികൾ സോഷ്യൽ മീഡിയയിൽ സന്ദേശങ്ങളും ക്യൂ ആർ കോഡും പ്രചരിപ്പിക്കുകയാണെന്നും വിശ്വാസികൾ ജാ​ഗ്രത പുലർത്തണമെന്നും വിഎച്ച്പി അഭ്യർഥിച്ചു.

ക്യു ആർ കോഡ് സ്കാൻ ചെയ്താൽ പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുന്നത്. വിഷയം ആഭ്യന്തര മന്ത്രാലയത്തിനും ദില്ലി, ഉത്തർപ്രദേശ് പൊലീസ് മേധാവികളെ അറിയിച്ചിട്ടുണ്ടെന്ന് വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ പറഞ്ഞു. ക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റായ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രം ആരെയും ഫണ്ട് ശേഖരിക്കാൻ അധികാരപ്പെടുത്തിയിട്ടില്ലെന്ന് വിഎച്ച്പി വ്യക്തമാക്കി. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ന്യാസ് ആരെയും ഫണ്ട് പിരിക്കാൻ അധികാരപ്പെടുത്തിയിട്ടില്ലെന്നും ഇത്തരം തട്ടിപ്പുകളിൽ ആളുകൾ വീഴതുരെന്നും ബൻസാൽ മുന്നറിയിപ്പ് നൽകി.

ക്ഷേത്രത്തിലേക്ക് സംഭാവന നൽകണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ സന്ദേശങ്ങളും ഫോൺ കോളുകളും വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. തട്ടിപ്പ് സംബന്ധിച്ച് കോൾ റെക്കോർഡും വിഎച്ച്പി കേൾപ്പിച്ചു.

അതേസമയം, അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ രാജ്യത്തെ വീടുകളിൽ രാമജ്യോതി തെളിയിച്ച് ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. അയോധ്യ വിമാനത്താവളവും റെയിൽവേസ്റ്റേഷനും ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ഇന്നലെ ന​ഗരത്തിൽ റോഡ് ഷോയും നടത്തി. പുതുക്കി പണിത അയോധ്യാ ധാം ജം​ഗ്ഷൻ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അമൃത് ഭാരത് എക്സ്പ്രസ് എന്ന പേരിലുള്ള രണ്ട് സൂപ്പർഫാസ്റ്റ് പാസഞ്ചർ ട്രെയിനുകളും 6 പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളും ഫ്ലാ​ഗ് ഓഫ് ചെയ്തു. അയോധ്യയിൽ പുതുതായി പണിത മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

Top