മാട്രിമോണിയിലൂടെ പരിചയപ്പെട്ട സ്ത്രീയുടെ 7.5 ലക്ഷം അടിച്ചുമാറ്റി യുവാവ് പറ പറന്നു

online_cheating

ഡല്‍ഹി: മാട്രിമോണിയലിലെ വിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട യുവാവ് യുവതിയില്‍ നിന്നും 7.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഹൈദരാബാദ് സ്വദേശിനിയായ യുവതിയാണ് ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ തട്ടിപ്പിനിരയായത്.

മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട അപരിചതന്‍ യൂറോപ്പ് ആസ്ഥാനമായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ സി.ഇ.ഒ ആണെന്നാണ് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ബന്ധം ഫെയ്‌സ്ബുക്കിലൂടെ നിലനിര്‍ത്തി. മാസങ്ങളോളം നിലനിന്ന ബന്ധത്തില്‍ പെട്ടന്നൊരു ദിവസം അയാള്‍ നാട്ടിലേക്ക് വരികയാണെന്നും വിവാഹം ഉടന്‍ വേണമെന്നും ആവശ്യപ്പെട്ടു.

നാട്ടിലെത്തുമെന്ന് കരുതിയ ദിവസം യുവാവ് വീണ്ടും വിളിക്കുകയും താന്‍ ഡല്‍ഹിയില്‍ കസ്റ്റംസിന്റെ തടങ്കല്ലില്‍ ആണെന്നും മോചനത്തിനായി 7.5 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും പറഞ്ഞു. കസ്റ്റംസുക്കാര്‍ക്ക് പണം നല്‍കിയാല്‍ ഉടന്‍ യുവതിയെ കാണാനെത്തുമെന്നും അയാള്‍ യുവതിയെ വിശ്വസിപ്പിച്ചിരുന്നു.

ഭാവി വരനെ രക്ഷിക്കാന്‍ യുവതി 7.5 ലക്ഷം രൂപ മൂന്നു ഗഡുക്കളായാണ് അയാള്‍ നല്‍കിയ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുകൊടുത്തത്. തുടര്‍ന്ന് യുവതി അയാളെ വിളിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

അതേസമയം, യുവാവ് കസ്റ്റംസ് തടവിലാണെന്നും, യുവാവിനെ തടങ്കല്ലില്‍ വെച്ചിട്ട് കസ്റ്റംസ്‌കാര്‍ പണം തട്ടിയെടുത്തിരിക്കുകയാണെന്നുമാണ് യുവതി വിശ്വസിക്കുന്നത്. യുവതി തുടര്‍ന്ന് കസ്റ്റംസുമായി ബന്ധപ്പെട്ടപ്പോള്‍ അത്തരത്തില്‍ ഒരു സംഭവവും അവിടെ നടന്നിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

എങ്കിലും യുവതി വിശ്വസിക്കാന്‍ തയാറായിരുന്നില്ല. ഒന്നു രണ്ടു തവണ കൂടി കസ്റ്റംസ് അധികൃതരുമായി ബന്ധപ്പെട്ടു. പക്ഷം ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നുമറിയില്ലെന്നും, കസ്റ്റംസ് ഉദ്യോഗസ്ഥരെ കള്ളക്കേസില്‍ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. ഇത്തരത്തില്‍ പല സംഭവങ്ങളും ഇപ്പോള്‍ അറങ്ങേറുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, കസ്റ്റംസ് ഓഫീസില്‍ നിന്ന് തന്നെ വീണ്ടും വിളിച്ച് പണം 2 ലക്ഷം രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടെന്ന പരാതിയുമായി യുവതി വീണ്ടും കസ്റ്റംസ് അധികൃതരെ ബന്ധപ്പെട്ടു. എന്നാല്‍ അത്തരം സംഭവം നടന്നിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ തങ്ങളുടെ ഓഫീസ് രേഖകള്‍ മുഴുവന്‍ പരിശോധിക്കുകയും യുവതിയുടെ പേരുമായി ബന്ധപ്പെട്ടോ, യുവതി പറയുന്ന യുവാവിന്റെ പേരുമായോ സമാനമായ ഒരു രേഖകളും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് യുവതിയെ ബോധിപ്പിച്ചു.

തുടര്‍ന്ന് സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കാന്‍ യുവതിയോട് നിര്‍ദ്ദേശിച്ചെങ്കിലും ,യുവതി അതിന് തയാറായിരുന്നില്ല. ഇപ്പോഴും കസ്റ്റംസ് അധികൃതര്‍ പറ്റിച്ചുവെന്നു തന്നെയാണ് യുവതി വിശ്വസിച്ചിരിക്കുന്നത്.

യുവതിയുമായി 6 മാസത്തോളം നീണ്ട ബന്ധം സൂക്ഷിച്ചതിനു ശേഷമാണ് അപരിചിതന്‍ പറ്റിച്ചത്. അതുകൊണ്ടു അയാളെ അവിശ്വസിക്കാന്‍ യുവതി തയാറായിരുന്നില്ല. വിവാഹത്തിനുവേണ്ടിയാണ് നാട്ടിലെത്തുന്നതെന്നാണ് അയാള്‍ യുവതിയെ വിശ്വസിപ്പിച്ചിരിക്കുന്നത്. അതുതന്നെയാണ് അയാള്‍ മുതലെടുത്തതെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

Top