ഓൺലൈൻ ചൂതാട്ടം; കടക്കെണിയിലായ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു

പുതുച്ചേരി : പുതുച്ചേരിയിൽ ഓൺലൈൻ ചൂതാട്ടത്തിലൂടെ ലക്ഷങ്ങളുടെ കടക്കെണിയിലായ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. മൊബൈൽ സിം കാർഡുകളുടെ ഹോൾസെയിൻ കച്ചവടക്കാരനായ വിജയകുമാറാണ് ഓൺലൈൻ ചൂതാട്ടത്തിൽ കടക്കെണിയിലായി ജീവനൊടുക്കിയത്. ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന ശബ്ദ സന്ദേശം സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും വാട്സാപിൽ അയച്ച ശേഷമാണ് വിജയകുമാർ ആത്മഹത്യ ചെയ്തത്.

ലോക്ഡൗൺ സമയത്താണു ഓൺലൈൻ ചൂതാട്ടം തുടങ്ങിയത്. ഭാര്യ മധുമിതയ്ക്കും 2 മക്കൾക്കുമൊപ്പം വില്യനൂർ എല്ലയമ്മൻ കോവിൽ സ്ട്രീറ്റിലാണ് വിജയകുമാർ കഴിഞ്ഞിരുന്നത്. റമ്മി ഉൾപ്പെടെയുള്ള കളികളിൽ നിന്നു ആദ്യം ചെറിയ രീതിയിൽ പണം ലഭിച്ചു. തുടർച്ചയായി കളിച്ചതോടെ ഇതിനു അടിമയായി. പിന്നീട് കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങി കളിക്കാൻ തുടങ്ങി. കാളി കാര്യമായതോടെ വിജയകുമാർ 30 ലക്ഷം രൂപയുടെ കടക്കെണിയിലായി.

ശനിയാഴ്ച രാത്രിയാണു വിജയകുമാർ തന്റെ ദയനീയാവസ്ഥ വിവിരിച്ച് ഭാര്യക്ക് വാട്സാപ്പ് സന്ദേശമയച്ചത്. താൻ പോകുകയാണെന്നും മക്കളെ നന്നായി നോക്കണമെന്നുമായിരുന്നു വാട്സാപ്പ് സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഭാര്യ ഉടൻ പൊലീസിൽ പരാതി നൽകി. ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്നു രാവിലെയാണ് വിജയകുമാറിന്റെ ശരീരം പ്രദേശത്തെ തടാകക്കരയിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്

Top