online liquor sale; consumer fed

കോഴിക്കോട്: ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്. 51 ഇനങ്ങള്‍ കൂടി ഔട്ട്‌ലെറ്റുകളിലേക്കെത്തിക്കുമെന്നും കോഴിക്കോട് ലിക്കര്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാനും നീക്കമുണ്ടെന്നും എം മെഹബൂബ് വ്യക്തമാക്കി.

ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാനാണ് ഓണ്‍ലൈന്‍ വഴി മദ്യം ലഭ്യമാക്കുന്നതെന്ന് കണ്‍സ്യൂമര്‍ ഫെഡ് അറിയിച്ചു. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് നേരിട്ട് വന്ന് മദ്യം വാങ്ങാനുള്ള അവസരമാരുക്കാനാണ് കണ്‍സ്യൂമര്‍ ഫെഡ് ഉദ്ദേശിക്കുന്നത്. മദ്യം നേരിട്ട് കൊണ്ടുവന്ന് കൊടുക്കുന്ന സംവിധാനം ഇപ്പോഴുണ്ടാകില്ല.

ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ലഭിക്കുന്ന ബില്ലുമായെത്തി ഉപഭോക്താവിന് മദ്യം വാങ്ങാം. ഇതിന് പ്രത്യേക ചാര്‍ജും ഈടാക്കും. വിലകൂടിയ മദ്യമാകും ഓണ്‍ലൈന്‍ വഴി ലഭ്യമാകുക.

മദ്യനയത്തില്‍ മാറ്റം വേണമെന്ന് നേരത്തെ ടൂറിസം വകുപ്പ് മന്ത്രി എസി മൊയ്തീന്‍ വ്യക്തമാക്കിയിരുന്നു. മദ്യവില്‍പ്പനയില്‍ ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായെന്നും സംസ്ഥാനത്തെ റവന്യൂ വരുമാനത്തില്‍ പ്രതിഫലിച്ചുവെന്നും മന്ത്രി പറഞ്ഞു.

ടൂറിസം കേന്ദ്രങ്ങള്‍ക്കു സമീപമുള്ള ബാറുകളില്‍ മദ്യം ലഭ്യമാക്കണമെന്നും ടൂറിസം മേഖലയിലുണ്ടായ
ഇടിവ്‌ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും എസി മൊയ്തീന്‍ പറഞ്ഞിരുന്നു.

Top