തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ മദ്യവില്‍പ്പന നടത്തുമെന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അതിനെ ശക്തമായി എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരളത്തെ മദ്യാലയമാക്കി മാറ്റാനുള്ള സി.പി.എം നേതൃത്വത്തിന്റെ നീക്കവും ഇടതുസര്‍ക്കാരിന്റെ നടപടികളും അപലപനീയമാണ്.
അതിനാല്‍ കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈനിലൂടെ മദ്യവില്‍പ്പന നടത്തുമെന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.
ഇത്തരം നിലപാട് പിന്‍വലിക്കണം. മദ്യത്തിന്റെ വ്യാപനവും ഉപയോഗവും കുറച്ചുകൊണ്ടുവരിക എന്നതായിരിക്കണം സര്‍ക്കാര്‍ നയം. ആ നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറരുത്. കേരളത്തില്‍ മദ്യമൊഴുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനാവശ്യമായ വിവാദങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. ഭക്തജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒരു സമവായം ഉണ്ടാക്കിയ ശേഷം മാത്രമേ മാറ്റങ്ങള്‍ വരുത്താവൂ.
ഇതില്‍ മുഖ്യമന്ത്രി ചില നിര്‍ദ്ദേശങ്ങള്‍ വെച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്.
അതിനാല്‍ ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭക്തരുടെ വികാരങ്ങളും അഭിപ്രായങ്ങളും കൂടി കണക്കിലെടുത്ത് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പശ്ചാത്തലത്തില്‍ സമവായത്തിലൂടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
അങ്ങനെയല്ലാതെ ഇതില്‍ ഏകപക്ഷീയമായ ഒരു നടപടിയും സ്വീകാര്യമായിരിക്കില്ല. ദേവസ്വം ബോര്‍ഡും സര്‍ക്കാരും കൂടി ചര്‍ച്ച ചെയ്ത് സമവായത്തിലെത്തുകയാണ് ഉചിതമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.