കൊച്ചി: ഹരിത ട്രൈബ്യൂണല്‍ വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഉപയോഗിച്ച ഡീസല്‍ കാറുകള്‍ ഓണ്‍ലൈന്‍ വിപണിയില്‍ വന്‍തോതില്‍ വില്പനയ്‌ക്കെത്തി. പത്ത് വര്‍ഷത്തോളം പഴക്കമുള്ളതും അല്ലാത്തതുമായ ഡീസല്‍ കാറുകളാണ് വില്പനയ്‌ക്കെത്തിയത്. തിങ്കളാഴ്ച പത്തിനും വൈകീട്ട് ഏഴിനുമിടയില്‍ ഒ.എല്‍.എക്‌സ്, ക്വിക്കര്‍ തുടങ്ങിയ ഓണ്‍ലൈന്‍ വിപണികളിലാണ് ഇവ വില്പനയ്‌ക്കെത്തിയത്.
കൊച്ചിയിലാണ് ഏറ്റവും കൂടുതല്‍ കാറുകള്‍ വില്പനയ്‌ക്കെത്തിയത്68 എണ്ണം. കണ്ണൂരിലാണ് ഏറ്റവും കുറവ്18 എണ്ണം. കോഴിക്കോട്ട് 22ഉം തൃശ്ശൂരില്‍ 24 ഉം കൊല്ലത്ത് 22ഉം തിരുവനന്തപുരത്ത് 32ഉം വാഹനങ്ങളാണ് ആദ്യ മണിക്കൂറുകളില്‍ വില്പനയ്ക്ക് വച്ചത്.
2000 സിസി യില്‍ കൂടുതല്‍ കരുത്തുള്ള വാഹനങ്ങളില്‍ ഇന്നോവയാണ് പ്രധാനി. വില്പനയ്ക്ക് വച്ച വാഹനങ്ങളില്‍ അന്‍പത് ശതമാനവും ഇന്നോവയാണ്. ക്വാളിസ്, സ്‌കോര്‍പ്പിയോ, ബൊലെറോ, മഹീന്ദ്ര എക്‌സ്.യു.വി. തുടങ്ങിയവയും ഉണ്ട്. കൂടാതെ ബെന്‍സ്, ബി.എം.ഡബ്ല്യു. വാഹനങ്ങളും വിപണിയില്‍ എത്തി.ഉപയോഗിച്ച, ചെറിയ ഡീസല്‍ കാറുകളുടെ വിപണിയും ഹരിത ട്രൈബ്യൂണല്‍ വിധിയുടെ പശ്ചാത്തലത്തില്‍ ഉണര്‍ന്നിട്ടുണ്ട്.
60,000 രൂപയ്ക്കും 20 ലക്ഷത്തിനും ഇടയിലാണ് വാഹനങ്ങള്‍ക്ക് ഉടമകള്‍ വില നിശ്ചയിച്ചിട്ടുള്ളത്. വാഹനങ്ങള്‍ വന്‍തോതില്‍ വില്പനയ്ക്ക് എത്തും മുന്‍പ് പരമാവധി വില ഈടാക്കാന്‍ ലക്ഷ്യമിട്ടാണ് ആദ്യ ദിവസം തന്നെ വാഹനങ്ങള്‍ ഓണ്‍ലൈന്‍ വിപണിയില്‍ എത്തിയിട്ടുള്ളത്.