വൈദ്യുതി ബില്‍ 2000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം

തിരുവനന്തപുരം: ഗാര്‍ഹികേതര ഉപയോക്താക്കളുടെ വൈദ്യുതി ബില്‍ 2000 രൂപയ്ക്കു മുകളിലാണെങ്കില്‍ നവംബര്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രമെന്ന് നിര്‍ദേശം. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണു ഈ തീരുമാനം. വ്യവസായ, വാണിജ്യ ഉപയോക്താക്കള്‍ ഉള്‍പ്പെടെ ഗാര്‍ഹിക ഉപയോക്താക്കളല്ലാത്ത മുഴുവന്‍ പേര്‍ക്കും ഇതു ബാധകമായിരിക്കുമെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള അറിയിച്ചു. ഇന്ത്യയിലെ ഒട്ടുമിക്ക വൈദ്യുതി വിതരണക്കമ്പനികളും നഷ്ടത്തിലായതിനെ തുടർന്ന് ചെലവു ചുരുക്കലിന്റെ ഭാഗമായാണു കേന്ദ്രം ഈ നിർദേശം നൽകിയിരിക്കുന്നത്.

ഇതു വഴി ജോലിഭാരം കുറയ്ക്കാനും ജീവനക്കാരെ മാറ്റി നിയമിക്കാനും സാധിക്കും. നിർദേശം നടപ്പാക്കിയില്ലെങ്കിൽ ബോർഡിനു കേന്ദ്രത്തിൽനിന്നു ലഭിക്കേണ്ട പല ആനുകൂല്യങ്ങളും പദ്ധതികളും വെട്ടിക്കുറച്ചേക്കും. വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ ആയി അടയ്ക്കാന്‍ 12 മാര്‍ഗങ്ങളുണ്ടെന്നും ഉപയോക്താക്കള്‍ക്ക് അനായാസം ബില്‍ അടയ്ക്കാനാകുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി

Top