യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

ന്യൂഡല്‍ഹി: യുക്രൈന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ വ്‌ലാദിമര്‍ പുടിനുമായി സംസാരിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ച് വിദേശകാര്യ മന്ത്രാലയം. ഇതിനായി റഷ്യന്‍ ഭാഷ സംസാരിക്കുന്ന ഉദ്യോഗസ്ഥരെയും നിയോഗിച്ചു. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയെന്നും വിദേശകാര്യ മന്ത്രാലയ വക്താക്കള്‍ അറിയിച്ചു.

ഇരുപതിനായിരം ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടതുണ്ട്. പൗരന്മാരുടെ സുരക്ഷയാണ് പ്രധാനം. യുക്രൈന് പുറത്ത് വിമാനങ്ങള്‍ എത്തിക്കാനാണ് ശ്രമം. കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. യുക്രൈന്‍ എംബസിയിലും കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. കീവിലെ എംബസി അടയ്ക്കില്ല. പൗരന്മാരെ പാര്‍പ്പിക്കാന്‍ കൂടുതല്‍ സൗകര്യം ഒരുക്കും. യുക്രൈന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങാന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഇതുവരെ ഒഴിപ്പിച്ചത് നാലായിരം പേരെയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുക്രൈനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാലു രാജ്യങ്ങള്‍ വഴി ഒഴിപ്പിക്കാനാണ് തീരുമാനം. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കാരെ സഹായിക്കാന്‍ ടീമുകളെ അതിര്‍ത്തികളിലേക്ക് അയച്ചു. ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍ വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.

Top