തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ കുരുക്കാന്‍ ക്രൈംബ്രാഞ്ച് സ്വീകരിച്ചതും നിയമവിരുദ്ധ മാര്‍ഗം.
പോലീസിന് തന്നെ സ്വന്തമായി സൈബര്‍ സെല്ലും ഹൈടെക് സെല്ലുകളുമുള്ളപ്പോള്‍ പോലീസിന് പുറത്തുള്ള മൂന്ന് പേരുടെ സഹായത്തോടെ കൃത്രിമമായി അക്കൗണ്ട് ഉണ്ടാക്കി ലൊക്കാന്റോ സൈറ്റില്‍ പരസ്യം കൊടുത്തിരുന്നവരുമായി ചാറ്റ് ചെയ്തത് ശരിയായ നടപടിയല്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ദ ന്യൂസ് മിനുട്ട് എന്ന ഇംഗ്ലീഷ് ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ ക്രൈംബ്രാഞ്ച് ഐ.ജി. ശ്രീജിത്ത് തന്നെയാണ് പോലീസിന് പുറത്തുള്ളവരുടെ സഹായത്തോടെ കൃത്രിമ അക്കൗണ്ട് ഉണ്ടാക്കിയ കാര്യം വ്യക്തമാക്കിയത്.
ഒരു ക്രൈം കണ്ടെത്താന്‍ മറ്റൊരു ക്രൈം ചെയ്യുകയാണ് ക്രൈംബ്രാഞ്ച് ചെയ്തതെന്നാണ് ആക്ഷേപം. രാഹുല്‍ പശുപാലിനേയും ഭാര്യയേയും വിളിച്ച് വരുത്തി അറസ്റ്റ് ചെയ്ത സംഭവത്തിലും ഇതിനകം തന്നെ ചില ദുരൂഹതകള്‍ ഉയര്‍ന്നിട്ടുണ്ട്.
രാഹുല്‍ പശുപാലിന്റെ എന്ന പേരില്‍ പ്രചരിക്കുന്ന സംഭാഷണം പോലീസിന്റെ പക്കലുള്ളതല്ലെന്നും ‘കൊച്ചുസുന്ദരി’ പേജുമായി രാഹുലിന് ഒരു ബന്ധവുമില്ലെന്നും അഭിമുഖത്തില്‍ ശ്രീജിത്ത് വ്യക്തമാക്കി.
കൊച്ചുസുന്ദരി എന്ന പേരില്‍ കുട്ടികളെ ലൈംഗിക വ്യാപാരത്തിനായി ഉപയോഗിക്കുന്നത് സംബന്ധിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ലൊക്കാന്റോ എന്ന സൈറ്റിലും ‘കൊച്ചുസുന്ദരി’യില്‍ കൊടുത്തിരുന്ന നമ്പര്‍ കണ്ടെത്തിയിരുന്നു.
പിന്നീട് പരസ്യം കൊടുത്തിരിക്കുന്നവരുമായി ചാറ്റ് ചെയ്യാന്‍ പോലീസിന് പുറത്തുള്ള മൂന്നുപേരുടെ സഹായത്തോടെ കൃത്രിമമായ അക്കൗണ്ട് ഉണ്ടാക്കി ചാറ്റ് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇങ്ങനെ ചാറ്റ് ചെയ്യുമ്പോഴാണ് കാസര്‍ഗോഡ് സ്വദേശി അക്ബറുമായി ബന്ധമുണ്ടാക്കിയത്. അക്ബര്‍ 9 പരസ്യങ്ങള്‍ നല്‍കിയിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു. വ്യത്യസ്ത ഫോണ്‍ നമ്പരുകളാണ് ഇതില്‍ നല്‍കിയിരുന്നത്.
ഈ ഫോണ്‍ നമ്പരുകളിലേക്ക് വിളിച്ചപ്പോള്‍ ഫോണെടുത്ത ആള്‍ പറഞ്ഞത് ‘ചേട്ടാ ഞാന്‍ തരുന്നതിനേക്കാള്‍ വലിയ ഓഫര്‍ വേറെ എവിടെ നിന്നും കിട്ടില്ലെന്നാണ്.
അക്ബര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ കാര്യം പരസ്യത്തില്‍ പറഞ്ഞിരുന്നില്ല. പിന്നീട് അയാള്‍ നല്‍കിയ ഫോണ്‍ നമ്പര്‍ വഴി വാട്ട്‌സ് ആപ്പില്‍ ചാറ്റിംഗ് തുടങ്ങുകയാണ് ചെയ്തത്. ആ സംഭാഷണത്തിലാണ് അയാള്‍ രശ്മി നായരെ കുറിച്ചും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുറിച്ചും സൂചന നല്‍കിയത്.
ഞങ്ങളുടെ ഉത്തര്‍പ്രദേശുകാരായ രണ്ട് ബോസുമാര് ഭൂമി ഇടപാടിനായി വരുന്നുണ്ടെന്നും അതിന് 5 പെണ്‍കുട്ടികളെ വേണമെന്നും അതില്‍ ഒന്ന് പ്രായപൂര്‍ത്തിയാകാത്തതും ഒരെണ്ണം മോഡലാകണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും ശ്രീജിത്ത് അഭിമുഖത്തില്‍ വ്യക്തമാക്കി.
ഇതിനുശേഷമാണ് രശ്മി നായരുടെ ചിത്രം അയച്ച് തന്നിരുന്നത്. രശ്മിക്കായി 80,000 രൂപയും പ്രായപൂര്‍ത്തിയാകാത്ത കന്യകയ്ക്ക് 1,80,000 രൂപയുമാണ് അവന്‍ ആവശ്യപ്പെട്ടിരുന്നത്. വിലപേശി ഞങ്ങള്‍ക്ക് അത് 50,000 വും 60,000 വും ആക്കി കുറപ്പിച്ചു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന് തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവരാമെന്ന് അവന്‍ സമ്മതിക്കുകയും ചെയ്തു.
രശ്മിയുടെ കാര്യം ഉറപ്പാക്കാന്‍ അവനുമായുള്ള രശ്മിയുടെ വാട്ട്‌സ് അപ്പ് സംഭാഷണങ്ങള്‍ അയച്ച് തന്നിരുന്നു. ഇതിന്‌ശേഷമാണ് ഞങ്ങള്‍ അക്ബറിനെ കസ്റ്റഡിയിലെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സംഘടിപ്പിക്കുന്നതില്‍ ഈ കേസില്‍ രാഹുലിന് പങ്കുള്ളതായി വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ ശ്രീജിത്ത് പക്ഷേ ഈ കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നുവെന്ന് രാഹുലിന് അറിയാമായിരുന്നുവെന്ന് വിശ്വിസിക്കുന്നതായി വ്യക്തമാക്കി.
മറ്റുചില ഇടപാടുകളില്‍ രാഹുലും രശ്മിയും പെണ്‍കുട്ടികളെ സംഘടിപ്പിച്ചിരുന്നു. ഇതില്‍ പ്രായപൂര്‍ത്തിയാവാത്തവരും ഉള്‍പ്പെടും. ഒരു വാട്ട്‌സ് ആപ്പ് ശബ്ദരേഖയില്‍ രശ്മി പെണ്‍കുട്ടികളെ മറ്റൊരു കാര്യത്തിന് നല്‍കാമോ എന്ന് ആവശ്യപ്പെടുന്നുണ്ട്.
അക്ബര്‍ ഒരു തുക എഴുതി അയച്ച മെസേജിന് ഒകെ സിഗ്‌നലാണ് രശ്മി നല്‍കിയത്. അക്ബര്‍ പറഞ്ഞ പ്രകാരം ഈ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു.
രാഹുലും രശ്മിയും കൂടി പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ മനഃപൂര്‍വ്വം കുടുക്കിയെന്നും വ്യാപാരത്തിനായി ഉപയോഗിച്ചുവെന്നും കരുതുന്നില്ലെന്ന് ആവര്‍ത്തിച്ച ശ്രീജിത്ത് അവര്‍ വ്യാപാരത്തിനായി ആളുകളെ ഉപയോഗിച്ചിരുന്നുവെന്ന വാദമാണ് അഭിമുഖത്തില്‍ ഉയര്‍ത്തിയത്.
രണ്ട് പെണ്‍കുട്ടികളുമായി ബാംഗ്ലൂരില്‍ നിന്നും കൊച്ചി എയര്‍പോര്‍ട്ടിലിറങ്ങിയ ഇടനിലക്കാരന്‍ ലനീഷ് മാത്യുവിനെ വൈകുന്നേരം ആറു മണിയോടെ ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്തു.
ഇതേസമയം കാറില്‍ വന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു. ബാക്ക് സീറ്റില്‍ ഒരു കുട്ടിയുമുണ്ടായിരുന്നു. അവര്‍ രക്ഷപ്പെട്ടതോടെ രശ്മി വരുമെന്നുള്ള പ്രതീക്ഷയും പോയി.
11.30 ഓടെ അക്ബറിന്റെ ഫോണിലേക്ക് മെസേജ് വന്നു. ഞങ്ങളുടെ നിര്‍ദേശം അനുസരിച്ച് അക്ബര്‍ അവളോട് ഹോട്ടലിലേക്ക് വരാന്‍ പറഞ്ഞു. കുറച്ചുസമയം കഴിഞ്ഞ് രശ്മിയും രാഹുലും കുട്ടിയുമായി ഹോട്ടലിലെത്തി. നേരത്തെ രണ്ടുതവണ ഇവരെ അറസ്റ്റുചെയ്യാന്‍ നോക്കിയിരുന്നെങ്കിലും നടന്നില്ലെന്ന് ശ്രീജിത്ത് പറഞ്ഞു.
ആദ്യത്തെ തവണ രശ്മി തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അമ്മയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് പോയതിനാലും മറ്റൊന്ന് ദീപാവലി സമയത്തെ തിരക്ക് കാരണവുമാണ്.
രാഹുല്‍ അവന്റെ ഭാര്യയെ വേശ്യാവൃത്തിക്ക് പണത്തിനായി ഉപയോഗിച്ചു. ഭാര്യയുടെ ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ അപ്‌ഡേറ്റു ചെയ്യുന്നത് ബിസിനസ്സ് ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. അതുകൊണ്ടുതന്നെയാണ് ഐ.ടി. ആക്റ്റ് പ്രകാരമുള്ള വകുപ്പും ചാര്‍ത്തിയത്.
രാഹുലിന്റെ കുറ്റസമ്മതപ്രകാരം ഏഴുമാസമായിട്ട് ഈ വ്യാപാരം തുടരുന്നുണ്ട്. എന്നാല്‍ ഒരു വര്‍ഷമായി ഡീല്‍ ചെയ്യുന്നുണ്ടെന്നാണ് അക്ബര്‍ പറയുന്നത്. കിസ് ഓഫ് ലൗ വിനെയും ഇവര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു.
ഈ കേസില്‍ അഞ്ച് പെണ്‍കുട്ടികളെയായിരുന്നു അക്ബറിന് സംഘടിപ്പിക്കേണ്ടിയിരുന്നത്. അതുകൊണ്ടാണ് രശ്മിയുമായും ലിനീഷ് മാത്യുവുമായും ബന്ധപ്പെട്ടത്.
സെക്‌സ് റാക്കറ്റ് എന്നുപറഞ്ഞാല്‍ രാജഭരണം പോലെയാണ്. ഒരു രാജാവും പല സ്ഥലങ്ങളില്‍ പല സൈനികരും. ആവശ്യം വരുമ്പോള്‍ എല്ലാവരെയും ഒരുമിച്ചുകൊണ്ടുവരും. അതിന് സമാനമായി വലിയ ഡീല്‍ നടക്കുമ്പോള്‍ ഇവരെല്ലാം ഒന്നിച്ച് ചേര്‍ന്നു നില്‍ക്കും ശ്രീജിത്ത് അഭിമുഖത്തില്‍ വ്യക്തമാക്കി.
ക്രൈംബ്രാഞ്ചിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന സംശയങ്ങളെ ബലപ്പെടുത്തുന്നതാണ് ഐ.ജി ശ്രീജിത്തിന്റെ ഈ വെളിപ്പെടുത്തലുകള്‍.
പുറത്തുനിന്നുള്ളവരെ ഉപയോഗിച്ച് കൃത്രിമ അക്കൗണ്ട് തുടങ്ങിയ പ്രവര്‍ത്തനം മുതല്‍ രാഹുല്‍ പശുപാലിനെയും ഭാര്യയെയും അറസ്റ്റുചെയ്തതു വരെയുള്ള സംഭവങ്ങളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഒരു തിരക്കഥയുടെ സ്വഭാവമാണുള്ളത്.
ശ്രീജിത്ത് പറഞ്ഞപോലെ രാജാവ് മാത്രമല്ല ക്രിമിനല്‍ സ്വഭാവമുള്ള പോലീസ് ഉദ്യോഗസ്ഥരും പല സ്ഥലങ്ങളിലായി കിടക്കുന്ന പോലീസുകാരെ ‘ആവശ്യം’ വരുമ്പോള്‍ ഉപയോഗപ്പെടുത്തും. അതിന് ഉദാഹരണങ്ങളും നിരവധിയുണ്ട്.
അതുകൊണ്ടുതന്നെ ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്ന് ആഗ്രഹിച്ചുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ ചോദിക്കാനും പറയാനുമുണ്ട്.
1) ഓണ്‍ലൈന്‍ പെണ്‍വാണിഭം പിടിക്കാന്‍ പോലീസിന് പുറത്തുള്ള മൂന്നുപേരുടെ സഹായത്തോടെ ക്രിത്രിമ അക്കൗണ്ട് തുടങ്ങിയ താങ്കള്‍ക്ക് രാഹുല്‍ പശുപാലിനെയും രശ്മിയെയും വിളിച്ചുവരുത്തി അറസ്റ്റുചെയ്യേണ്ട അവസ്ഥ എങ്ങനെയുണ്ടായി?
2) രാഹുലിന്റെയും രശ്മിയുടെയും മൊബൈല്‍ ഫോണുകള്‍ ചോര്‍ത്തിയപ്പോഴൊന്നും അവരുടെ ഇടപാടുകള്‍ കണ്ടെത്തി കയ്യോടെ പിടിക്കാന്‍ ഒരവസവരവും ലഭിച്ചില്ലേ? ആണും പെണ്ണും ഒരു റൂമെടുത്താല്‍ ‘പൊക്കുന്ന’ പോലീസിന് രശ്മി നായര്‍ നിങ്ങള്‍ പറയുന്നതുപോലെ ശരീരം വിറ്റ് ജീവിക്കുന്നവളായിരുന്നുവെങ്കില്‍, പശുപാല്‍ കൂട്ടിക്കൊടുപ്പുകാരനായിരുന്നുവെങ്കില്‍… മാസങ്ങള്‍ക്ക് മുമ്പുതന്നെ ‘ക്രൈം’ നടക്കുന്ന സ്‌പോട്ടില്‍ തന്നെ പിടികൂടാമായിരുന്നുവല്ലോ? എന്തുകൊണ്ട് അത് ചെയ്തില്ല?
3) ഇവരെ അറസ്റ്റ് ചെയ്യുമ്പോള്‍ പോലീസുകാരനെയും ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞ ആ ‘കാര്‍’ എവിടെയുണ്ട് സര്‍? അതിലെ നിങ്ങള്‍ പറയുന്ന രണ്ട് സ്ത്രീകളും കുട്ടിയും എവിടെ പോയി?
4) നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് പോലെ അതീവ സുരക്ഷാപ്രാധാന്യമുള്ള സ്ഥലങ്ങളില്‍ നിന്ന് പോലീസുകാരനെയും ഇടിച്ചിട്ട് ഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ കബളിപ്പിച്ച് ‘പ്രതികള്‍’ കടന്നുകളഞ്ഞെന്നുപറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും?
5) നിങ്ങള്‍ ‘ആക്ഷന്‍’ നടത്തിയ സ്ഥലത്തും ഹോട്ടലിലും ജംഗ്ഷനിലുമെല്ലാം 24 മണിക്കൂറും സിസിടിവി മിഴിതുറന്നിരിക്കുമ്പോള്‍ ഈ വാഹനവും അതില്‍ സഞ്ചരിച്ചിരുന്നവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞാല്‍ തൊപ്പി അഴിച്ചുവച്ച് വേറെ വല്ല പണിക്കും പോവുകയല്ലേ നല്ലത്? ഒരു തീവ്രവാദ ആക്രമണമുണ്ടായാലും നിങ്ങള്‍ക്ക് പ്രതികള്‍ സഞ്ചരിച്ച വാഹനത്തെയും പ്രതികളെയും പിടിക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണിത്.
6) അക്ബര്‍ പെണ്‍വാണിഭക്കാരനാവാം. പക്ഷേ അവനെ അങ്ങോട്ടു വിളിച്ച് അഞ്ച് സ്ത്രീകളെ വേണമെന്നും അതില്‍ ഒന്ന് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയാവണമെന്നും മറ്റൊന്ന് മോഡലാവണമെന്നും ആവശ്യപ്പെട്ട് വന്‍ തുകയ്ക്ക് കരാര്‍ ഉറപ്പിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കേണ്ടതല്ലേ? കാരണം കുറ്റവാളിയേപ്പോലെ തന്നെ കുറ്റ കൃത്യത്തെ പ്രോത്സാഹിപ്പിക്കുന്നവരും നിയമത്തിന് മുന്നില്‍ കുറ്റരക്കാരാണല്ലോ ?
7) പല ഉന്നതര്‍ക്കും പെണ്‍കുട്ടികളെ ഈ സംഘം കാഴ്ചവച്ചുവെന്ന് പറയുന്ന നിങ്ങള്‍ എന്തുകൊണ്ട് ഈ ഉന്നതരെ അറസ്റ്റ് ചെയ്യുന്നില്ല. 60,000 വും 80,000 വുമെല്ലാം ഒരു രാത്രിക്ക് കൊടുക്കുന്ന മാന്യന്മാരെ ജനങ്ങള്‍ ഒന്നു കാണട്ടെ.
8) രാഹുല്‍ ഫെയ്‌സ്ബുക്കില്‍ ഭാര്യയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നത് ബിസിനസ്സ് താല്‍പ്പര്യം മുന്‍നിര്‍ത്തിയാണെന്ന് പറഞ്ഞ് ഐ.ടി വകുപ്പ് ചാര്‍ത്തിയ സൈബര്‍ പൊലീസ് വാട്‌സ് ആപ്പില്‍ തന്റെ നഗ്ന ദൃശ്യം എഡിജിപി പത്മകുമാര്‍ പ്രചരിപ്പിച്ചുവെന്ന സരിതയുടെ പരാതിയില്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്?
9) രണ്ട് തവണ രശ്മിയെയും രാഹുലിനെയും അറസ്റ്റുചെയ്യാന്‍ നോക്കിയിട്ടും നടന്നില്ലെന്ന് പറയുന്ന താങ്കളുടെ വാദവും യുക്തിക്ക് നിരക്കാത്തതാണ്.
ഒരിക്കല്‍ രശ്മി അമ്മയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയപ്പോഴും മറ്റൊന്ന് ദീപാവലി സമയമായതിനാല്‍ തിരക്കായതിനാലുമാണ് അറസ്റ്റ് ചെയ്യാന്‍ കഴിയാതിരുന്നതെന്നാണ് താങ്കള്‍ പറഞ്ഞത്.
ഇത്രയും ‘ഭീകര’കൃത്യങ്ങള്‍ ചെയ്തവരെ പിടിക്കാന്‍ മിനുട്ടുകള്‍ക്കകം പോലീസിനു കഴിയുമായിരുന്നില്ലേ? അവര്‍ ഇവിടെ തന്നെ ഉണ്ടായിരുന്നില്ലേ?
10) ചാനല്‍ ചര്‍ച്ചകളില്‍ ഓടി നടക്കാന്‍ സമയം കണ്ടെത്തുന്നതിനാലാണോ അതോ ‘തിരക്കഥ’ പൂര്‍ത്തിയാക്കാത്തതിനാലായിരുന്നോ അറസ്റ്റ് നീട്ടിയത്?
അറസ്റ്റുമായി ബന്ധപ്പെട്ട ഐ.ജി പറയുന്നതില്‍ തന്നെ പൊരുത്തക്കേടുണ്ട്. യുക്തിക്ക് നിരക്കാത്തതാണ് പലതും. കയ്യില്‍ കിട്ടിയെന്ന് പറയുന്ന തെളിവുകള്‍ പലതും ശാസ്ത്രീയ പരിശോധനയില്‍ തെളിയേണ്ടതാണ്.
വിവാദ വ്യവസായിയുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണത്തില്‍ കുടുങ്ങി തൊപ്പി പോയിട്ടും ശ്രീജിത്തിന് സര്‍വ്വീസില്‍ തിരിച്ചു കയറാന്‍ പറ്റിയതാണല്ലോ ഈ സൈബര്‍ നിയമം ? അതിലെ ‘പരിമിതി’ മനസിലാക്കിയതുകൊണ്ടാണോ ഇപ്പോള്‍ മനുഷ്യക്കടത്തുമായി ബന്ധിപ്പിക്കാനുള്ള ശ്രമം?
(ഐ.ജി ശ്രീജിത്ത് ‘ദ ന്യൂസ് മിനുട്ടിന്’ നല്‍കിയ അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ലഭിക്കുന്നതിന് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക)