Online sex racket: MLAs are involved,says BJP leader

തിരുവനന്തപുരം: കിസ്സ് ഓഫ് ലൗവിന്റെ മറവില്‍ പെണ്‍കുട്ടികളെ എംഎല്‍എമാരും ചൂഷ്ണം ചെയ്തിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന വക്താവ് വി.വി രാജേഷ് പറഞ്ഞു.

രേഖകള്‍ കൈവശമില്ലാത്തതിനാല്‍ പേര് വിവരം പുറത്ത് വിടുന്നില്ല. ഐ.ജി ശ്രീജിത്തുമായി സംസാരിച്ചാല്‍ കാര്യങ്ങള്‍ അറിയാമെന്നും വി.വി രാജേഷ് പറഞ്ഞു. മനോരമ ന്യൂസ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ ബംഗളുരുവില്‍ നിന്ന് ഫ്‌ളൈറ്റില്‍ പെണ്‍കുട്ടികളെ കൊണ്ടുവന്ന് വൈകീട്ട് തിരിച്ചുവിട്ട സംഭവങ്ങളുണ്ട്. ഒരു ലക്ഷവും രണ്ട് ലക്ഷവും ഇതിനായി കൊടുത്ത സംഭവങ്ങളുമുണ്ട്.

രാഹുല്‍ പശുപാലന്‍ ഫ്രോഡാണ്. ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നില്ല. ഒളിഞ്ഞിരിക്കുന്ന ചതി പുറത്ത് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അറസ്റ്റിലായ ഏഴ് പേരും ചുംബന സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ആളാണ്. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ബിജെപി ഇനിയും ശക്തമായി പ്രതികരിക്കും. രാജേഷ് വ്യക്തമാക്കി.

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ എംഎല്‍എമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന തരത്തില്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നുവെങ്കിലും ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് ഇക്കാര്യം പരസ്യമായി സ്ഥിരീകരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്തുമായി ബന്ധപ്പെട്ടാല്‍ കാര്യങ്ങള്‍ അറിയാമെന്ന് അദ്ദേഹം പറഞ്ഞതിനാല്‍ ഈ വിവരം എവിടെ നിന്ന് ലഭിച്ചു എന്ന കാര്യവും വ്യക്തമാണ്.

രാഹുല്‍ പശുപാലിനെയും രശ്മിയെയും ബലിയാടാക്കി ഉന്നതരെ രക്ഷപ്പെടുത്താന്‍ ശ്രമമുണ്ടെന്ന ആക്ഷേപത്തെ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.

ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി ശ്രീജിത്തിനെ സ്ഥലംമാറ്റി എന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചത് അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് അറിയിക്കാനാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

നേരത്തെ സത്യസന്ധമായ നീതിനിര്‍വ്വഹണം നടത്തിയതിന് സ്ഥലം മാറ്റിയ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാരായ ജേക്കബ് തോമസിനും ഋഷിരാജ് സിങ്ങിനും സോഷ്യല്‍ മീഡിയയില്‍ ലഭിച്ച പിന്തുണ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ ‘നാടക’മെന്നാണ് ആക്ഷേപം.

അതേസമയം, ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ ഏത് വമ്പന്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും പിടികൂടുകയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ചെയ്യേണ്ടതെന്നും അല്ലാതെ ബിജെപിയുടെ ‘രാഷ്ട്രീയ അജണ്ട’ നടപ്പാക്കുകയല്ല പൊലീസിന്റെ പണിയെന്നും ഡിവൈഎഫ്‌ഐ തുറന്നടിച്ചു.

ക്രൈംബ്രാഞ്ച് പുറത്ത് വിട്ട വിവരങ്ങള്‍ ശരിയാണെങ്കില്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ഒളിച്ചോടരുതെന്നുമുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലും ശക്തമാണ്.

ഇതിനിടെ അറസ്റ്റ് സംബന്ധമായ ക്രൈംബ്രാഞ്ച് നടപടി രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നതായ വിവരങ്ങളും പുറത്തുവരുന്നുണ്ട്.

Top