മുംബൈ: ശിവസേന നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ സർക്കാരിനെതിരെ ഉയർന്ന വിമത നീക്കം പരിഹരിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നു വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നത് 13 പേർ മാത്രം. മുംബൈയിലെ ഉദ്ധവ് താക്കറെയുടെ വസതിയിൽ യോഗം തുടരുകയാണ്. ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതപക്ഷം നാളെ ഗവർണർ ഭഗത് സിങ് കോഷിയാരിയെ കണ്ടേക്കും. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ള ഗവർണർ നാളെ രാജ്ഭവനിലെത്തുമെന്നാണ് വിവരം.
അതിനിടെ, 35 ശിവസേന എംഎൽഎമാരും 7 സ്വതന്ത്ര എംഎൽഎമാരും തനിക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കുന്ന വിഡിയോ ഏക്നാഥ് ഷിൻഡെ പുറത്തുവിട്ടു. ആകെ 42 എംഎൽഎമാരാണ് ഷിൻഡെയ്ക്ക് ഒപ്പമുള്ളത്. ഇന്ന് രാവിലെ മൂന്ന് ശിവസേന എംഎൽഎമാർ കൂടി വിമത ക്യാംപിൽ ചേരാൻ അസമിലെ ഗുവാഹത്തിയിലെത്തിയിരുന്നു. സാവന്ത്‌വാഡിയിൽ നിന്നുള്ള ദീപക് കേശകർ, ചെമ്പൂരിൽ നിന്നുള്ള മങ്കേഷ് കുടൽക്കർ, ദാദറിൽ നിന്നുള്ള സദാ സർവങ്കർ എന്നിവരാണ് മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്ക് വിമാനം കയറിയത്. പാർട്ടി പിടിക്കാൻ ഇനി വിമത പക്ഷത്ത് ഒരു എംഎൽഎയുടെ കുറവുമാത്രമാണുള്ളത്. തന്റെ ഒപ്പമുള്ളവരുടെ പട്ടിക ഇന്ന് ഉച്ചയ്ക്ക് 2ന് പുറത്തുവിടുമെന്ന് ഷിൻഡെ പറഞ്ഞു.