കൊച്ചി : സുപ്രീം കോടതി നിര്‍ദേശ പ്രകാരം മരടില്‍ പൊളിച്ചു നീക്കുന്ന ഫ്ലാറ്റുകളില്‍ രജിസ്ട്രേഷന്‍ നടത്തിയ ഉടമകള്‍ക്കു മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. ബില്‍ഡര്‍മാര്‍ തന്നെ കൈവശം വച്ചിരിക്കുന്നതോ കരാര്‍ മാത്രമെഴുതി കൈമാറിയതോ ആയ അപ്പാര്‍ട്മെന്റുകള്‍ക്കു നഷ്ടപരിഹാരം നല്‍കില്ല.
നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള ഫ്ലാറ്റ് ഉടമകളുടെ പട്ടിക മരട് നഗരസഭ ഇന്ന് സംസ്ഥാന സര്‍ക്കാരിനു കൈമാറും. അന്തിമ നഷ്ടപരിഹാരം നിര്‍ണയിക്കാനായി സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.
ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞ ഉടമകള്‍ക്ക് ഒഴിപ്പിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഗരസഭ കൈമാറും. ചില ഫ്ലാറ്റ് ഉടമകളെ സംബന്ധിച്ച വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ഇവരുടെ സാധനങ്ങള്‍ റവന്യു വകുപ്പ് നീക്കം ചെയ്യും.
ഫ്ലാറ്റുകളില്‍ നിന്നു സാധനങ്ങള്‍ നീക്കം ചെയ്യുന്നത് ഇന്നലെ തുടര്‍ന്നെങ്കിലും ഒട്ടുമിക്ക ഉടമകളും ഫ്ലാറ്റൊഴിഞ്ഞു. സാധനങ്ങള്‍ പൂര്‍ണമായി ഇന്നലെയും നീക്കാനായിട്ടില്ല.
ഫ്ലാറ്റ് പൊളിക്കുന്നതു സംബന്ധിച്ച പരിശോധനകള്‍ക്കായി രണ്ടംഗ ടെക്നിക്കല്‍ കമ്മിറ്റിയെ നിയോഗിക്കുമെന്ന് ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് പറഞ്ഞു.