ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മാത്രമാണ് ജമ്മു കശ്മീർ സംഘർഷങ്ങൾ പരിഹരിക്കാൻ കഴിയുന്നതെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഇവിടുത്തെ ജനങ്ങൾക്കായി അദ്ദേഹം എന്തു തീരുമാനമെടുത്താലും അതു രാജ്യം ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ബിജെപി കൂടി സഖ്യകക്ഷിയായ സർക്കാരിനെ നയിക്കുന്ന മെഹബൂബ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിക്ക് അതിന് അധികാരമുണ്ടെന്നും കശ്മീർ താഴ്വരയെ സംഘർഷങ്ങളിൽനിന്നും സങ്കീർണതകളിൽ നിന്നും മോചിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും മെഹബൂബ പറഞ്ഞതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ജമ്മു കശ്മീരിനെ സംഘർഷങ്ങളിൽനിന്നു മോചിപ്പിക്കണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിചാരിക്കണം. അദ്ദേഹത്തിന് ഭൂരിപക്ഷ പിന്തുണയുണ്ട്. അതാണ് അദ്ദേഹത്തിന്റെ കരുത്ത്. അദ്ദേഹമെടുക്കുന്ന ഏതു തീരുമാനവും രാജ്യം അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും- ഒരു പൊതുയോഗത്തിൽ സംസാരിക്കവെ മെഹബൂബ പറഞ്ഞു.
2015 ഡിസംബറിൽ ലാഹോർ സന്ദർശിക്കാൻ മോദിയെടുത്ത തീരുമാനം അദ്ദേഹത്തിന്റെ ദൗർബല്യമല്ല, ശക്തിയാണ് പ്രകടമാക്കിയതെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് പാക്കിസ്ഥാൻ സന്ദർശിക്കാൻ കരുത്തുണ്ടായില്ലെന്നും മെഹബൂബ പരിഹസിച്ചു.