സ്ത്രീകളുടെ ധാര്‍മികത മാത്രം ചോദ്യം ചെയ്യപ്പെടുന്നു; ചര്‍ച്ചയായി സാമന്തയുടെ പോസ്റ്റ്

സാമന്ത – നാഗചൈതന്യ വിവാഹമോചനമാണ് തെന്നിന്ത്യന്‍ സിനിമാലോകത്ത് ഇപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത്. നാല് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും സൗഹാര്‍ദപരമായി വേര്‍പിരിഞ്ഞപ്പോഴും ഇരുപക്ഷത്തിനും പിന്തുണയും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. ഈ അവസരത്തില്‍ സാമന്ത സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഒരു ഉദ്ധരണിയാണ് ചര്‍ച്ചയായി മാറുന്നത്.

പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രവര്‍ത്തികളെ സമൂഹം എങ്ങനെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ കാണുന്നു എന്നതിനെക്കുറിച്ചാണ് താരം പങ്കുവച്ച ഉദ്ധരണിയില്‍ പറയുന്നത്.
സ്ത്രീകള്‍ ചെയ്യുമ്പോള്‍ കാര്യങ്ങള്‍ നിരന്തരം ധാര്‍മ്മികമായി ചോദ്യം ചെയ്യപ്പെടുന്നു, എന്നാല്‍ പുരുഷന്മാര്‍ ചെയ്യുമ്പോള്‍ ധാര്‍മ്മികമായി ചോദ്യം ചെയ്യപ്പെടുന്നതുമില്ല…എങ്കില്‍ ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് അടിസ്ഥാനപരമായി ധാര്‍മ്മികതയില്ല…’ എന്നാണ് സാമന്ത പങ്കുവച്ച ഉദ്ധരണിയില്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ഏറെ നാളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങളില്‍ വിരാമമിട്ട് താരങ്ങള്‍ തങ്ങളുടെ വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചത്. നാലാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കേയായിരുന്നു ഇത്. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം അറിയിച്ച് താരങ്ങള്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

 

Top