തങ്കന്റെ മനസ്സിലും തൊഴിലിലും ചെങ്കൊടി മാത്രം !

കോട്ടയം: തങ്കന്റെ മനസും കടയും ഒരു പോലെയാണ്. ഉള്ളില്‍ നിറയെ ചുവപ്പ്. തെരഞ്ഞെടുപ്പ് എത്തിയാല്‍ മറ്റ് നിറങ്ങളെല്ലാം ചെങ്കൊടിക്ക് വഴിമാറുന്നതാണ് കോട്ടയം വേളൂര്‍ കല്ലുപുരയ്ക്കല്‍ ജങ്ഷനിലെ തയ്യല്‍ക്കടയിലെ പതിവ്. ഇത്തവണയും വേളൂര്‍ കളപ്പുരയില്‍ കെ.കെ. തങ്കന്റെ പതിവുരീതികള്‍ക്ക് മാറ്റമില്ല. ചുവപ്പില്‍ അരിവാള്‍ ചുറ്റിക തുന്നിച്ചേര്‍ക്കുന്ന തിരക്കിലാണ് 83 വയസുകാരനായ തങ്കന്‍.

എന്നുവെച്ച് എല്ലാ പതാകയും തങ്കന്‍ തയ്ക്കില്ല. പാര്‍ട്ടി പതാക മാത്രമേ തയ്ച്ച് നല്‍കൂ. അത് ഒരു പൈസ പോലും വാങ്ങാതെ. സഹോദരനില്‍ നിന്ന് 12ാം വയസ്സില്‍ തങ്കന്‍ തയ്യല്‍ പഠിച്ചെടുത്തു. എട്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ വേളൂരില്‍ സ്വന്തമായി കടയിട്ടു.

പിന്നീട് ഇന്നു വരെ തയ്ച്ചിട്ടുള്ള പതാക പാര്‍ട്ടിയുടേത് മാത്രം. മറ്റ് പാര്‍ട്ടിക്കാര്‍ എത്തിയാല്‍ തിരിച്ചയക്കുകയാണ് പതിവ്. എന്നാല്‍, മറ്റ് വസ്ത്രങ്ങളുടെ കാര്യത്തില്‍ ഈ നിബന്ധനയില്ല.

”ഈ ചെങ്കൊടിയാണ് എന്റെ ശ്വാസം. ശ്വാസം പോകും വരെ ഇത് ഒപ്പമുണ്ടാകും. ഇനിയിപ്പോള്‍ സ്വര്‍ണക്കട്ട തന്നാലും മറ്റ് പാര്‍ട്ടിയുടെ കൊടി തയ്ക്കില്ല.” -ചുവപ്പ് തുണികളുടെ മധ്യത്തിലിരുന്ന് തങ്കന്‍ പറയുന്നു. പണ്ടൊരിക്കല്‍ സി.പി.എം തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ക്ഷണിച്ചെങ്കിലും തങ്കന്‍ അത് സ്‌നേഹപൂര്‍വം നിരസിച്ചിരുന്നു.

Top