തിരുവനന്തപുരം:മലയാളത്തിന്റെ മഹാകവി ഒഎന്‍വി കുറുപ്പിന് മലയാള നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട.
മലയാളത്തിലെ പ്രമുഖരായ 84 സംഗീതജ്ഞര്‍ പങ്കെടുത്ത സംഗീതാര്‍ച്ചനയോടെയാണ് അന്ത്യകര്‍മ്മങ്ങള്‍ ആരംഭിച്ചത്. 9.45 ഓടെ വഴുതക്കാട്ടുള്ള സ്വവസിതയായ ഇന്ദീവരത്തില്‍ നിന്നും ശാന്തികവാടത്തിലേക്ക് കൊണ്ടു പോയ പ്രിയകവിയുടെ മൃതദേഹം സര്‍ക്കാരിന്റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്. മകന്‍ രാജീവാണ് അന്ത്യ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്.
കഴിഞ്ഞ രണ്ട് ദിവസമായി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആയിരക്കണക്കിന് ജനങ്ങളാണ് ഒഎന്‍വിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതാക്കളായ വിഎസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, ബിജെപി നേതാവായ ഓ രാജഗോപാല്‍ എന്നിവരടക്കം നൂറുകണക്കിന് ആള്‍ക്കാര്‍ മഹാകവിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
ഒ.എന്‍.വിയുടെ പത്‌നി സരോജിനി, മക്കളായ രാജീവ്, ഡോ. മായാദേവി ഉള്‍പ്പെടെയുള്ളവരെ ആശ്വസിപ്പിച്ചാണു പ്രമുഖര്‍ മടങ്ങിയത്. സുഗതകുമാരി, മധുസൂദനന്‍ നായര്‍, പ്രഭാവര്‍മ ഉള്‍പ്പെടെയുള്ളവര്‍ മുഴുവന്‍ സമയവും കുടുംബത്തിനൊപ്പമുണ്ടായിരുന്നു.