തിരുവനന്തപുരം: ജ്ഞാനപീഠ പുരസ്‌കാര ജേതാവും പ്രശസ്ത കവിയുമായ ഒഎന്‍വി കുറുപ്പ് (ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു
കുറുപ്പ്, 84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ആറ് പതിറ്റാണ്ട് കാലം മലയാള സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഒഎന്‍വി. കവി, അധ്യാപകന്‍, ഭാഷാ പണ്ഡിതന്‍, വാഗ്മി എന്നീ നിലകളില്‍ നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിച്ചു. നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
സാഹിത്യരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ പത്മശ്രീ, പത്മവീഭുഷന്‍ എന്നീ ബഹുമതികള്‍ ലഭിച്ചിടുണ്ട്. നിരവധി സിനിമകള്‍ക്കും ടിവി സീരിയലുകള്‍ക്കും നാടകങ്ങള്‍ക്കും അദ്ദേഹം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.
1931 മേയ് 27ന് കൊല്ലം ജില്ലയിലെ ചവറയിലാണ് ജനനം. എട്ടാം വയസില്‍ പിതാവ് ഒ എന്‍ കൃഷ്ണക്കുറുപ്പ് അന്തരിച്ചു. ചവറ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം എസ് എന്‍ കോളജില്‍നിന്നു ബിരുദം നേടിയശേഷം തിരുവനന്തപുരം നഗരത്തിലേക്കു പ്രവര്‍ത്തനമണ്ഡലം മാറ്റി. കേരള സര്‍വകലാശാലയുടെ ആദിമരൂപമായ ട്രാവന്‍കൂര്‍ സര്‍വകലാശാലയില്‍നിന്നു മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി.
എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, തലശേരി ബ്രണ്ണന്‍ കോളജ്, തിരുവനന്തപുരം വിമന്‍സ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 2007ല്‍ ജ്ഞാനപീഠ പുരസ്‌കാരം നേടി. 1946ല്‍ മുന്നോട്ട് എന്ന കവിതയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. 1949ല്‍ പുറത്തുവന്ന പൊരുതുന്ന സൗന്ദര്യമാണ് ആദ്യ സമാഹാരം.
രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള നിരവധി പേര്‍ ഒഎന്‍വിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.