കൊല്ലം: കവി ഒ.എന്‍.വി. കുറുപ്പിന്റെ കുടുംബവീടായ ‘നമ്പ്യാടിക്കല്‍’ സാഹിത്യ അക്കാദമി ഏറ്റെടുക്കുന്നു. ഒ.എന്‍.വിയുടെ ചവറയിലെ വീടാണ് കേരള സാഹിത്യ അക്കാദമി ഏറ്റെടുക്കുന്നത്.
ഒ.എന്‍.വി. ജനിച്ച് വളര്‍ന്നതും കൗമാരം ചെലവഴിച്ചതുമായ വീട് അക്കാദമി ഏറ്റെടുക്കുന്നതിനെക്കുറിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ സാംസ്‌കാരിക വകുപ്പിന്റെ അനുമതി അടക്കമുള്ള നടപടികള്‍ ബാക്കിയുണ്ടെന്ന് സാഹിത്യ അക്കാദമി അധികൃതര്‍ അറിയിച്ചു.
ഒ.എന്‍.വി.യുടെ ഒന്നാം ചരമവാര്‍ഷികമായ ഫെബ്രുവരി 13ന് അക്കാദമി ഭാരവാഹികളും കവിയുടെ ആരാധകരും കുടുംബാംഗങ്ങളും ഈ വീട്ടില്‍ ഒത്തുചേരും. തിരക്കഥാകൃത്തും കവിയുടെ അനന്തരവളുടെ ഭര്‍ത്താവുമായ അനില്‍കുമാര്‍ മുഖത്തലയുടെ നേതൃത്വത്തിലാണ് ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്.
വീടിനോട് ചേര്‍ന്ന് ശില്പി പാവുമ്പ മനോജ് നിര്‍മിക്കുന്ന ‘അമ്മ’ കാവ്യ ശില്പവും അനാവരണം ചെയ്യും. ഒന്‍പതടി ഉയരത്തിലുള്ള സിമന്റ് ശില്പം ഒ.എന്‍.വി.യുടെതായി ഉയരുന്ന ആദ്യ സ്മാരകംകൂടിയാണ്.