കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. വൈകീട്ട് ഏഴ് മണിക്ക് ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ കോട്ടയം ഡിസിസിയിലാണ് യോഗം.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി യോഗം ചര്‍ച്ച ചെയ്യും. പാലാ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു സമിതിയേയും യോഗം ചുമതലപ്പെടുത്തും.
അതേസമയം കേരളാ കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട രണ്ട് കോടതി വിധികള്‍ ഇന്ന് വരും. കോട്ടയം മുന്‍സിഫ് കോടതിയും കട്ടപ്പന സബ് കോടതിയുമാണ് ഇന്ന് വിധി പറയുന്നത്. പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം ഏറ്റുമുട്ടുന്ന ഇരുവിഭാഗങ്ങള്‍ക്കും ഈ കോടതി വിധികള്‍ നിര്‍ണായകമാണ്.