തിരുവനന്തപുരം: സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഭൂമി ദാനം ചെയ്യുന്നതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വികസനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭൂപരിഷ്‌കരണ നിയമത്തെ സര്‍ക്കാര്‍ പരസ്യമായി വെല്ലുവിളിക്കുകയാണ്. സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് കോര്‍പറേറ്റുകളാണ്. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെക്കാള്‍ സര്‍ക്കാരില്‍ സ്വാധീനം സന്തോഷ് മാധവനും ഹോപ് പ്ലാന്റേഷന്‍കാര്‍ക്കുമാണ്.
ഉദ്യോഗസ്ഥര്‍ എതിര്‍ത്തിട്ടും ഭൂമി കൈമാറാന്‍ തീരുമാനമെടുത്തതിന് പിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. അതിനാല്‍ ഇക്കാര്യങ്ങളില്‍ സമഗ്ര അന്വേഷണം വേണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഈ തീരുമാനങ്ങളെല്ലാം റദ്ദാക്കും.
പൊതുസമ്പത്ത് കാത്തുസൂക്ഷിക്കുന്ന സമീപനം ഏറ്റെടുക്കും. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് വേണ്ടത്. ‘വളരട്ടെ ഈ നാട് തുടരണം ഈ ഭരണം’ എന്നാണ് യു.ഡി.എഫിന്റെ മുദ്രാവാക്യം. ഈ ഭരണം തുടര്‍ന്നാല്‍ അവശേഷിക്കുന്ന ഭൂമി ബാക്കിയുണ്ടാകുമോ എന്നും കോടിയേരി ചോദിച്ചു.