വിതച്ചത് സംഘപരിവാര്‍ . . . ‘കൊയ്യുക’ യു.ഡി.എഫ്, ലോക്‌സഭ നിര്‍ണ്ണായകം

സംഘപരിവാര്‍ എന്തൊക്കെ പ്രക്ഷോഭങ്ങള്‍ ശബരിമല വിഷയത്തില്‍ പുറത്തെടുത്താലും തെരഞ്ഞെടുപ്പ് കളത്തില്‍ ഗോളടിക്കുക യു.ഡി.എഫ് ആകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍.

ദേശീയ ചാനലായ റിപ്പബ്ലിക് ടി.വി നടത്തിയ അഭിപ്രായ സര്‍വേയില്‍ 20 ലോകസഭ സീറ്റില്‍ 16 ഉം യു.ഡി.എഫ് നേടുമെന്ന കണ്ടെത്തലുകള്‍ ചൂണ്ടിക്കാട്ടിയാണ് ഈ വിലയിരുത്തല്‍.

ഇപ്പോള്‍ തൃപ്തി ദേശായിയുടെ വരവും ശശികലയുടെ അറസ്റ്റുമെല്ലാം തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വോട്ട് ശതമാനം വര്‍ദ്ധിക്കാനും തിരുവനന്തപുരം ലോകസഭ സീറ്റ് പിടിച്ചെടുക്കാനും വരെ ബി.ജെ.പിയെ സഹായിക്കുമെങ്കിലും അതിനപ്പുറം ഒരു നേട്ടം കരസ്ഥമാക്കാന്‍ കഴിയില്ലെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടിയുള്ള വിലയിരുത്തല്‍. എന്നാല്‍ കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗം ബി.ജെ.പി പാളയത്തിലെത്തിയാല്‍ ചെറിയ ഒരു മാറ്റത്തിനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.

ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകള്‍ യു.ഡി.എഫിന് നിലനിര്‍ത്താന്‍ കഴിയും, സി.പി.എമ്മിന് വോട്ട് ചെയ്ത ഹൈന്ദവ വിശ്വാസികളില്‍ നല്ലൊരു വിഭാഗം ബി.ജെ.പിക്കല്ല, കോണ്‍ഗ്രസ്സിനാണ് വോട്ട് ചെയ്യാന്‍ സാധ്യതയത്രെ.

udf

ഈ വിലയിരുത്തലുകള്‍ യാഥാര്‍ത്ഥ്യമായാല്‍ ഫലത്തില്‍ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയ അവസ്ഥയിലേക്ക് ലോകസഭ തിരഞ്ഞെടുപ്പ് മാറാനാണ് സാധ്യത.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള രഥയാത്ര തുടങ്ങിയ ദിവസം തന്നെ കേരള യാത്ര നടത്തിയ യു.ഡി.എഫിന് ജാഥയില്‍ കണ്ട വലിയ ജനപങ്കാളിത്തം വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

ലോകസഭയില്‍ പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ നിന്നല്ലാതെ മറ്റൊരു സീറ്റും ഇടതുപക്ഷത്തിന് ലഭിക്കില്ലെന്നാണ് യു.ഡി.എഫ് നേതാക്കളുടെയും ആത്മവിശ്വാസം.

റിപ്പബ്ലിക് ടി.വിയുടെ സര്‍വേയില്‍ ഇടതുപക്ഷം പരമാവധി നാല് സീറ്റുകളില്‍ ഒതുങ്ങും എന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയായ 29.31 ശതമാനത്തിലേയ്ക്ക് കൂപ്പു കുത്തും. യുഡിഎഫിന്റെ വോട്ട് വിഹിതം 40.4 ശതമാനമാകും. 17.5 ശതമാനം വരെ വോട്ടുകളാണ് ബിജെപിയ്ക്ക് സര്‍വ്വേ പ്രവചിക്കുന്നത്.

Sabarimala_Protests_PTI1

ഇന്ത്യ ടുഡേ സര്‍വ്വേയിലും സമനമായ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. യുഡിഎഫിന് 12 സീറ്റുകളും എല്‍ഡിഎഫിന് 8 സീറ്റുകളുമാണ് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടാനായത്. 77.35 ശതമാനം പോളിങ്ങാണ് കഴിഞ്ഞ തവണ രേഖപ്പെടുത്തിയത്. ബിജെപി 10.8 ശതമാനം വോട്ടുകള്‍ നേടി. 41.98 ശതമാനം വോട്ട് നേടി കോണ്‍ഗ്രസ് മുന്നിട്ടു നിന്നു. ഈ മുന്നേറ്റം ഇത്തവണയും നിലനിര്‍ത്തുമെന്നാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്.

Top