കോണ്‍ഗ്രസ്സും ടി.ഡി.പിയും ഉള്‍പ്പെട്ട സഖ്യം തെലങ്കാന ഭരണം പിടിച്ചാല്‍ അത് ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ച് വന്‍ നേട്ടമാണ് ഉണ്ടാക്കുക.
ആന്ധ്രയില്‍ ലോകസഭ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉമ്മന്‍ ചാണ്ടി ഒരു പടികൂടി കടന്ന് തെലങ്കാനയിലും തന്റെ രാഷ്ട്രീയ ചാണക്യ ബുദ്ധി കാണിച്ചിരിക്കുകയാണിപ്പോള്‍.
നേരത്തെ വന്ന തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പ് വിധി അനുകൂലമാക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ടാണ് തെലങ്കാനയിലും ഉമ്മന്‍ ചാണ്ടിക്ക് ചുമതല നല്‍കിയിരുന്നത്. തന്നെ ഏല്‍പ്പിച്ച ജോലി ഒരു പടി കൂടി കടന്ന് കൃത്യമായി ചെയ്താണ് ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനെ ഞെട്ടിച്ചിരിക്കുന്നത്.
തെലങ്കാനയില്‍ അസംഘടിതരായി കിടന്ന അദ്ധ്യാപകരെയും സ്വകാര്യ മാനേജുമെന്റുകളെയും കോണ്‍ഗ്രസ്സിനു കീഴില്‍ അണിനിരത്തിയ ഉമ്മന്‍ ചാണ്ടി തെലങ്കാന രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കും അത്ഭുതമായി.
ഗ്രാമവാസികളില്‍ അദ്ധ്യാപകര്‍ക്ക് സ്വാധീനിക്കാന്‍ പറ്റുന്ന വോട്ടുകളെ കുറിച്ച് നല്ല ബോധ്യമുള്ള ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിന്റെ ഭാഗമായി കോണ്‍ഗ്രസ്സിനോട് അകലം പാലിച്ച വിഭാഗങ്ങളും ഇപ്പോള്‍ സജീവമായി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയിട്ടുണ്ട്.
തെലങ്കാനയില്‍ നയിക്കാന്‍ നേതാവില്ലാത്ത പാര്‍ട്ടിയാണെന്ന ചീത്തപ്പേര് മാറ്റി മുന്‍ നിരയില്‍ നിന്നാണ് ഉമ്മന്‍ ചാണ്ടി നയിക്കുന്നത്. കോണ്‍ഗ്രസ്സ് സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാല്‍ ഏറ്റവും മികച്ച മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ലഭിക്കുമെന്നാണ് തെലങ്കാന ജനതക്കുള്ള ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ്.
അപ്രതീക്ഷിതമായി സംഭവിച്ച കോണ്‍ഗ്രസ്സ് – ടി.ഡി.പി സഖ്യം ശരിക്കും ഭരണപക്ഷമായ ടി.ആര്‍.എസിനെ വെട്ടിലാക്കിയ കാഴ്ചയാണ് തെലങ്കാനയില്‍.
വിവിധ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തി പിന്തുണ ഉറപ്പിക്കാനും ഉമ്മന്‍ ചാണ്ടി തന്നെയാണ് മുന്നില്‍. കാണ്‍ഗ്രസ്സ് – ടി.ഡി.പി സഖ്യം ഭരണം പിടിക്കുമെന്ന പ്രതീതി ഉള്ളത് കര്‍ഷകര്‍ക്കിടയില്‍ മനംമാറ്റത്തിന് കാരണമായതായാണ് കോണ്‍ഗ്രസ്സ് നേതൃത്വം വിലയിരുത്തുന്നത്.
വാഗ്ദാനങ്ങള്‍ കാര്യമായി ഒന്നും പാലിക്കാതെ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നിയമസഭ പിരിച്ചുവിട്ടത് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ചെയ്ത മണ്ടത്തരമായി പോയെന്ന അഭിപ്രായം ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരിലും ശക്തമാണ്. ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാനയിലും രാജസ്ഥാനിലും മധ്യപ്രദേശിലും കടുത്ത വെല്ലുവിളിയാണ് ഭരണപക്ഷ പാര്‍ട്ടികള്‍ നേരിടുന്നത്. ഈ മൂന്ന് സംസ്ഥാനത്തും ശക്തമായ തിരിച്ചുവരവ് നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ്.
ദക്ഷിണേന്ത്യയില്‍ കര്‍ണ്ണാടകയിലും പുതുച്ചേരിയിലും മാത്രം ഭരണമുള്ള കോണ്‍ഗ്രസ്സിന് തെലങ്കാനയില്‍ അട്ടിമറി വിജയം നേടാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടമാകും. സോളാര്‍ വിവാദമുയര്‍ത്തി പ്രതിയാക്കിയാലും രാഷ്ട്രീയത്തിലെ കരുത്തില്‍ തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് രാഷ്ട്രീയ എതിരാളികളെയും ജനങ്ങളെയും ബോധ്യപ്പെടുത്താനും തെലങ്കാനയിലെ കോണ്‍ഗ്രസ്സ് മുന്നേറ്റം ഉമ്മന്‍ ചാണ്ടിക്ക് സഹായകരമാകും.
ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിനു പുറമെ ആന്ധ്രയിലും തെലങ്കാനയിലും പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉമ്മന്‍ ചാണ്ടിയാണ് മേല്‍നോട്ടം വഹിക്കുകയെന്ന് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് വൃത്തങ്ങള്‍ തന്നെ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
നേരത്തെ തെലങ്കാനയില്‍ മാത്രമായിരുന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ചുമതല നല്‍കിയിരുന്നത്. ഇതിനു ശേഷം ഉമ്മന്‍ ചാണ്ടിയെ പ്രവര്‍ത്തക സമിതി അംഗമാക്കാന്‍ മുന്‍കൈ എടുത്തതും രാഹുല്‍ ഗാന്ധി തന്നെയായിരുന്നു.
തെലങ്കാനയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രസംഗിക്കാതെ മാറി ഇരുന്നിരുന്ന ഉമ്മന്‍ ചാണ്ടിയെ നിര്‍ബന്ധിച്ച് പ്രസംഗിപ്പിച്ച രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ കേരളത്തിലെ കോണ്‍ഗ്രസ്സിനു നല്‍കുന്നതും വ്യക്തമായ സന്ദേശമാണ്. അടുത്ത മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്നവരുടെ ചങ്കിടിപ്പിക്കുന്ന കാഴ്ചകൂടിയാണത്.