ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തി. സംഘടനാ കാര്യങ്ങളാണ് പാര്‍ട്ടി അധ്യക്ഷയുമായി ചര്‍ച്ചചെയ്തതെന്നും പ്രശ്നങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ തന്നെ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ദേശീയതലത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുനഃസംഘടന നടത്തുന്നതിനെ കുറിച്ച് തനിക്ക് വ്യക്തമായ അഭിപ്രായമുണ്ടെന്നും എന്നാല്‍ അത് മാധ്യമങ്ങളോട് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാഷ്ട്രീയകാര്യസമിതിയെ നോക്കുകുത്തിയാക്കി സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുന്നതിലേയും അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിലേയും എതിര്‍പ്പ് ഉമ്മന്‍ചാണ്ടി അറിയിച്ചുവെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പറയേണ്ട കാര്യങ്ങളെല്ലാം പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ പുനഃസംഘടന നടത്താതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചത്. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും പുനഃസംഘടന നടത്തുന്നത് ഉത്തരേന്ത്യയില്‍ പതിവാണെന്നാണ് സതീശന്‍ പറഞ്ഞത്. മുതിര്‍ന്ന നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അവരുടെ അഭിപ്രായം പരിഗണിക്കുമെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു.