ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ത്രി മണിയെപ്പോലെ തമാശയാക്കരുതെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ത്രി എം.എം.മണിയെപ്പോലെ തമാശയാക്കരുതെന്ന് ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ ഇത് ഗൗരവമായി കാണണമെന്നും രണ്ടു ദിവസത്തിനകം തന്നെ ദുരിതമനുഭവിച്ച മുഴുവന്‍ കുടുംബങ്ങള്‍ക്കും 10000 രൂപ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

നൂറ്റാണ്ട് കൂടുമ്പോഴാണ് വലിയ പ്രളയം വരുന്നതെന്നും അതില്‍ കുറേയാളുകള്‍ മരിക്കുമെന്നും കുറേയാളുകള്‍ ജീവിക്കുമെന്നുമായിരുന്നു എംഎം മണിയുടെ വിവാദ പരാമര്‍ശം.

പ്രളയദുരന്തത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സെപ്തംബര്‍ 10 മുതല്‍ 15 വരെ നടക്കുന്ന ധനസമാഹരണ യജ്ഞത്തില്‍ എല്ലാ മലയാളികളും സജീവമായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജില്ലകളില്‍ ധനസമാഹരണത്തിന് നേതൃത്വം കൊടുക്കുകയാണെന്നും, ഈ മഹായജ്ഞത്തില്‍ മുഴുവന്‍ പേരും അവരവരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് സംഭാവന നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

പുനര്‍നിര്‍മ്മാണ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കേരളത്തിനകത്തും പുറത്തുമുള്ള എല്ലാവരുടെയും സഹായവും സഹകരണവും ഉറപ്പാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

Top