കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടെങ്കിലും അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അശോകന് കൈയ്ക്ക് ചെറിയ പരിക്കേറ്റു.
ഏറ്റുമാനൂരിന് സമീപം കാണക്കാരിയില്‍ വച്ചാണ് അപകടം നടന്നത്. മലപ്പുറത്തെ പരിപാടികള്‍ കഴിഞ്ഞ ശേഷം കോട്ടയത്തേക്ക് മടങ്ങുകയാിരുന്നു മുഖ്യമന്ത്രി. കാണാക്കാരിയില്‍ വച്ച് വാഹനം റോഡില്‍ നിന്ന് തെന്നി ഇടത് വശത്തെ ഓടയിലേക്ക് ചരിയുകയും സമീപത്തെ മതിലില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു. വാഹനത്തിന്റെ ഇടത് വശത്തെ മുന്‍സീറ്റിലിരിക്കുകയായിരുന്നു ഗണ്‍മാന്‍. ചില്ല് തകര്‍ന്നാണ് അശോകന് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശത്തിന് കേടുപറ്റി.
അത്ഭുതകരമായാണ് താന്‍ രക്ഷപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടം നടക്കുമ്പോള്‍ താന്‍ നല്ല ഉറക്കത്തില്‍ ആയിരുന്നു. വാഹനം കുലങ്ങിയതറിഞ്ഞാണ് താന്‍ ഉണര്‍ന്നത്. അപ്പോഴേക്കും വാഹനം ഓടയിലേക്ക് ഇറങ്ങിയിരുന്നു. ഉടന്‍ തന്നെ എസ്‌കോര്‍ട്ട് വാഹനത്തിലെ പൊലീസുകാര്‍ മുഖ്യമന്ത്രിയെ പുറത്തിറക്കി. പിന്നീട് എസ്‌കോര്‍ട്ട് വാഹനത്തില്‍ മുഖ്യമന്ത്രി നാട്ടകം ഗസ്റ്റ്ഹൗസിലേക്ക് പോയി.
രാവിലെ, ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രിയെ പരിശോധിച്ചു. ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും ഗസ്റ്റ്ഹൗസിലെത്തി വിവരങ്ങള്‍ ആരാഞ്ഞു.