തിരുവനന്തപുരം : പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ ഭരണഘടനവിരുദ്ധവും രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്നതുമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
നമ്മുടെ ജനാധിപത്യത്തെയും മതേതരമൂല്യങ്ങളെയും ചവട്ടിത്താഴ്ത്തുന്ന ഈ നിയമം സംഘപരിവാറിന്റെ ഹിന്ദു രാഷ്ട്ര നിര്‍മിതിക്ക് വേണ്ടിയുള്ള നീക്കത്തിന്റെ പ്രധാന ചുവടുവെപ്പാണ്. മതത്തിന്റെ പേരില്‍ പൗരത്വം നിര്‍ണയിക്കുന്ന ഈ നിയമം ഭരണഘടന നല്‍കുന്ന തുല്യവകാശത്തെയും മനുഷ്യാവകാശത്തെയും ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് നമ്മുടെ രാജ്യത്തുടനീളം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ആശങ്കപ്പെടുകയാണ്. മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഒരു ഭാരതീയനും ഇത്തരം നടപടികള്‍ അംഗീകരിക്കില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നമ്മള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഭരണഘടനയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി മാറാന്‍ പോകുന്ന ഈ നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.