നിയമസഭയിൽ തന്റെ അഞ്ചു പതിറ്റാണ്ട് പൂർത്തിയാക്കുകയാണ് കേരളത്തിന്റെ പ്രിയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി. ഒരേ മണ്ഡലത്തിൽ നിന്നും ആവർത്തിച്ചു തിരഞ്ഞെടുക്കപ്പെട്ട് നിയമസഭയിലെത്തിയ ഉമ്മൻ ചാണ്ടിയുടെ അമ്പതാം വാർഷികത്തിൽ പ്രിയ നേതാവുമായുള്ള സൗഹൃദത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് മലയാളത്തിലെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും.
രാഷ്ട്രീയപരമായ അഭിപ്രായങ്ങൾക്കു പുറമേ നല്ലൊരു സ്നേഹബന്ധവും സൗഹൃദവും ഉമ്മൻചാണ്ടിയുമായി തനിക്ക് ഉണ്ടെന്ന് മമ്മൂട്ടി പറയുന്നു. കേരളം കണ്ടുനിന്ന വളർച്ചയാണ് ഉമ്മൻചാണ്ടിയുടേത്. ഞാൻ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ഉമ്മൻചാണ്ടി നിയമസഭയിലുണ്ട്. ഉമ്മൻചാണ്ടി എന്ന ഭരണാധികാരിയെ വിലയിരുത്താൻ ഞാനാളല്ല. എന്നാൽ ഉമ്മൻചാണ്ടി എന്ന സുഹൃത്തിനെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു എന്ന് മാധ്യമങ്ങളോട് മമ്മൂട്ടി പറഞ്ഞു.
അദ്ദേഹത്തിന്റെ സാധാരണത്വം തനിക്ക് ഇഷ്ടമാണെന്നും എത്ര തിരക്കുണ്ടെങ്കിലും തിരിച്ചു വിളിക്കാൻ സമയം കണ്ടെത്തുന്ന അദ്ദേഹത്തിന്റെ രീതിയോട് തനിക്കു ബഹുമാനമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഒപ്പം ആരോഗ്യം നോക്കാതെയുള്ള ഉമ്മൻ ചാണ്ടിയുടെ പ്രവർത്തികളോട് തന്റെ സ്നേഹത്തോടെയുള്ള വിയോജിപ്പും മമ്മൂട്ടി പ്രകടിപ്പിച്ചു.
ഏതു പ്രതിസന്ധിയെയും ചിരികൊണ്ട് നേരിടുന്ന ഉമ്മൻചാണ്ടി എന്ന നേതാവ് ഒരിക്കലെങ്കിലും തളർന്നു പോയ, ആ തളർച്ചയിൽ നിന്നും കരകയറാൻ പ്രയാസപ്പെട്ട ജീവിത നിമിഷം ഉണ്ടായിട്ടുണ്ടോ ഉണ്ടെങ്കിൽ അത് ഏതാണ് എന്നായിരുന്നു പ്രിയ നടൻ മോഹൻലാലിന്റെ ചോദ്യം.
‘തെറ്റ് ചെയ്തെങ്കില്‍ ഒരു ദോഷവും സംഭവിക്കില്ല; തെറ്റ് ചെയ്താല്‍ അതിന്റെ ദോഷവും കിട്ടും. പ്രതിസന്ധി വരുമ്പോഴൊക്കെ ഇതോര്‍ക്കും. പ്രസംഗത്തില്‍ ഒരുവാചകം ശരിയായില്ലെന്ന് തോന്നിയാല്‍ അതുപോലും പിന്നീട് അലട്ടും. പക്ഷേ, ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് രൂക്ഷ വിമര്‍ശനം വന്നാലും വിഷമമില്ല. അത് പറഞ്ഞയാള്‍ക്കേ ബാധകമാവൂ എന്ന് കരുതും’,എന്നായിരുന്നു മോഹൻലാലിൻറെ ചോദ്യത്തിനുള്ള ഉമ്മൻചാണ്ടിയുടെ മറുപടി.