തിരുവനന്തപുരം: വെള്ളാപ്പള്ളിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സൗജന്യ ഭൂമി ദാനം. കോട്ടയം ജില്ലയിലെ തീക്കോയില്‍ പതിച്ച് നല്‍കിയത് 25 ഏക്കര്‍ ഭൂമി. വെള്ളാപ്പള്ളിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഭൂമി പതിച്ച് നല്‍കിയത്.
എസ്എന്‍ ട്രസ്റ്റിനും എസ്എന്‍ഡിപി യോഗത്തിനും കൂടിയാണ് 25 ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയത്. കോട്ടയം തീക്കോയി വില്ലേജിലുള്ള മിച്ച ഭൂമിയാണു ക്ഷേത്ര സമുച്ചയത്തിനും സാംസ്‌കാരിക കേന്ദ്രം നിര്‍മിക്കുന്നതിനും വേണ്ടെിയെന്ന പേരില്‍ പതിച്ചു നല്‍കിയത്.
2008 ലാണ് എസ്എന്‍ഡിപി യോഗം അപേക്ഷ നല്‍കിയിരുന്നത്. ഉത്തരവ് ഇറങ്ങിയത് 2012 ല്‍ ആണ്. എസ്എന്‍ ട്രസ്റ്റിന് സാംസ്‌കാരിക കേന്ദ്രം പണിയുവാനാണ് 10 ഏക്കര്‍ നല്‍കിയത്. 15 ഏക്കര്‍ ഭൂമി നല്‍കിയത് എസ്എന്‍ഡിപി യോഗം മീനച്ചല്‍ താലൂക്ക് യൂണിറ്റിനാണ്. മുരുകന്‍മല ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഭൂമിയാണു സര്‍ക്കാര്‍ സൗജന്യമായി പതിച്ചു നല്‍കിയത്.
മുരുകന്‍മല ക്ഷേത്രത്തോടു ചേര്‍ന്നുള്ള കുരിശുമല, അള്ളാപ്പാറ പ്രദേശങ്ങളില്‍ ക്രിസ്ത്യന്‍, മുസ്ലീം ആരാധാനാലയങ്ങള്‍ക്കായി ഭൂമി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ എസ്എന്‍ഡിപി യോഗത്തിന്റെ ആവശ്യപ്രകാരം ഇവിടെ ക്ഷേത്ര സമുച്ചയം നിര്‍മിക്കുന്നതിനു 15 ഏക്കറും 10 ഏക്കര്‍ ഭൂമി വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രം പണിയുന്നതിനും പതിച്ചു നല്‍കുന്നതായുമാണ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.
വെള്ളാപ്പള്ളിയുടെ ആവശ്യപ്രകാരം നിയമവിരുദ്ധമായി ഭൂമിദാനം നല്‍കിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും റവന്യുമന്ത്രി അടൂര്‍ പ്രകാശിന്റെയും പ്രത്യേക താല്‍പര്യ പ്രകാരമാണെന്നാണ് സൂചന.
ഇതുസംബന്ധമായി ആരെങ്കിലും വിജിലന്‍സ് കോടതിയെ സമീപിച്ചാല്‍ ഇരുവരും കുരുങ്ങാനാണ് സാധ്യത.